ദില്ലി: അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോർ , ചനോഡ് , മാർവർ മേഖലയിൽ ചുഴലിക്കാറ്റ് വീശുമെന്നാണ് നിഗമനം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ബിപോർജോയ് ചുഴലിക്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അനുമാനം. ദേശീയ ദുരന്ത നിവാരണ സംഘത്തെ ഉൾപ്പെടെ മേഖലയിൽ നിയോഗിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് കടന്നുപോയ ഗുജറാത്തിലെ കച്ച് സൗരാഷ്ട്ര മേഖലയിലും ഇന്ന് കനത്ത മഴ പെയ്യും.
ഗുജറാത്തിൽ വലിയ നാശം വിതച്ചാണ് ബിപോർജോയ് ചുഴലിക്കാറ്റ് കടന്നുപോയത്. സംസ്ഥാനത്ത് അയ്യായിരത്തോളം വൈദ്യുത പോസ്റ്റുകള്‍ തകർന്നതോടെ നാലായിരത്തി അറൂനൂറ് ഗ്രാമങ്ങളില്‍ വൈദ്യുതി നഷ്ടമായി. ഇതില്‍ മൂവായിരിത്തി അഞ്ഞൂറോളം ഗ്രാമങ്ങളില്‍ വൈദ്യുതി പുനസ്ഥപിച്ചിട്ടുണ്ട്. ആയിരത്തോളം ഗ്രാമങ്ങള്‍ ഇപ്പോഴും ഇരുട്ടിലാണ്. അതിർത്തി മേഖലകളില്‍ ആശയവിനിമയം സംവിധാനം തകർന്ന് കിടക്കുകയാണ്.
ഗുജറാത്തില്‍ നിന്ന് ബിപോർജോയ് രാജസ്ഥാനിലേക്ക് നീങ്ങുന്നതിനാല്‍ ഇന്നും നാളെയും രാജസ്ഥാനില്‍ അതിശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് . ബിപോർജോയിയുടെ സ്വാധീനത്താല്‍ ദില്ലിയിലും ഇന്ന് മഴപെയ്തിരുന്നു. ഇന്നും രാജ്യതലസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞെങ്കിലും സഞ്ചാരപാതയില്‍ മഴയും കാറ്റും തുടരുന്നുണ്ട്. ചുഴലിക്കാറ്റിന്‍റെ വേഗത കുറയുകയാണെന്ന് ഐഎംഎഡി ഡയറക്ടർ ജനറല്‍ മൃത്യുഞ്ജയ് മൊഹാപാത്ര പറഞ്ഞു.
അതേസമയം കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനമില്ലാതാകുന്നതോടെ അടുത്ത ദിവസങ്ങളിൽ കാലവർഷം മെച്ചപ്പെടും. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ചൊവ്വാഴ്ചയോടെ മഴ കൂടുതൽ ശക്തമായേക്കും.