തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതോടെ എലി പനിയും പടര്‍ന്നു പിടിക്കുകയാണ്. സംസ്ഥാനത്ത്, ഇതുവരെ അഞ്ച് എലിപ്പനി കേസുകളാണ് സ്ഥിരീകരിച്ചത്. കൂടാതെ, 43 പേര്‍ക്ക് ചിക്കന്‍പോക്‌സ്, 17 പേര്‍ക്ക് മഞ്ഞപ്പിത്തം, 2 പേര്‍ക്ക് മലേറിയ എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.
രോഗാണുവാഹകരായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവരെയാണ് രോഗം പിടികൂടുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 4 മുതല്‍ 20 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. കടുത്ത പനി കഠിനമായ തലവേദന കണ്ണിനു ചുവപ്പ് തൊലിപ്പുറത്ത് ചുവന്ന തടിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. ആരംഭത്തില്‍ തന്നെ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും.