തിരുവനന്തപുരം: തട്ടുകടയുടമയായ സ്ത്രീയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച അക്രമികള്‍ പിടിയില്‍. കിഴിവിലം സ്വദേശികളായ ആക്കോട്ടു വിളവീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന അജിത്ത്, പ്രതിഭ ജംഗ്ഷനില്‍ മേലെ തുണ്ടുവിള വീട്ടില്‍ അപ്പു എന്ന് വിളിക്കുന്ന അനീഷ്, എസ് എന്‍ ജംഗ്ഷന് സമീപം പുത്തന്‍ വിള വീട്ടില്‍ മാരി എന്ന് വിളിക്കുന്ന വിനോദ് എന്നിവരാണ് അറസ്റ്റിലായത്.
തട്ടുകടയില്‍ സമയത്ത് പൊറോട്ട നല്‍കിയില്ലെന്ന് പറഞ്ഞ് ഉടമയായ സ്ത്രീയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ചിറയിന്‍കീഴ് കുറക്കടയില്‍ പ്രവര്‍ത്തിക്കുന്ന ഏകൂസ് തട്ടുകടയില്‍ എത്തിയ പ്രതികള്‍ കഴിക്കാന്‍ പൊറോട്ട ആവശ്യപ്പെട്ടു. ആ സമയം കടയില്‍ കഴിക്കാന്‍ ഇരുന്നവര്‍ക്ക് വിളമ്പിയതിനാല്‍ ആവശ്യത്തിന് പൊറോട്ട സ്റ്റോക്ക് ഉണ്ടായിരുന്നില്ല. ഉടന്‍ തയ്യാറാക്കി തരാമെന്ന് പറഞ്ഞെങ്കിലും പ്രതികള്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പ്രകോപിതരായ പ്രതികള്‍ ചിക്കന്‍ പാചകം ചെയ്യാന്‍ തിളപ്പിച്ചിരുന്ന എണ്ണ കടയുടമയായ 65-കാരി ഓമനയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.