കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്ന കേസിലെ പ്രധാന പ്രതിയെ ടൗൺ പൊലീസ് പിടികൂടി. കാസർകോട് ഉപ്പളയിലെ മുഹമ്മദീയ മൻസിലിലെ മുഹമ്മദ് മുസമ്മിൽ എന്ന മുസുവാണ് ടൗൺ പൊലീസിന്റെ പിടിയിലായത്. 2023 ജനുവരി 19നായിരുന്നു കേസിനാസ്പദമായ സംഭവം. ടൗൺ പൊലീസ് സ്റ്റേഷനിലെ എസ് ഐ മുഹമ്മദ് സിയാദും പാർട്ടിയും പട്രോളിങ് ഡ്യൂട്ടിക്കിടെ അബ്ദുൽ നാസർ, ഷറഫുദ്ദീൻ, ഷബീർ എന്നിവരെ 84 ഗ്രാം എംഡിഎംഐ 18 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ സഹിതം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വിശദമായ അന്വേഷണം നടത്തിയ ടൗൺ പോലീസ് അറസ്റ്റിലായ പ്രതികൾക്ക് ദില്ലിയിൽ വെച്ച് മയക്കുമരുന്ന് കൈമാറിയത് മുസമ്മിലിന്റെ നേതൃത്വത്തിൽ ആണെന്ന് മനസ്സിലാക്കി.
പ്രതിക്കായി പൊലീസ് ഊർജിതമായി അന്വേഷണം നടത്തിക്കൊണ്ടിരിക്കെ ഇയാള്‍ ബാംഗ്ലൂർ പൂനെ, ദില്ലി എന്നിവിടങ്ങളിൽ ഒളിവിൽ പോവുകയായിരുന്നു. പ്രതി മംഗലാപുരത്ത് വരുമെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗലാപുരത്തെത്തിയ ടൗൺ പോലീസ് സാഹസികമായി പ്രതിയെ പിടികൂടിയായിരുന്നു. മംഗലാപുരം കാസർഗോഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന മയക്ക് മരുന്ന് വ്യാപാരത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ മുസമ്മിൽ. മംഗലാപുരം കൊനാജെ പോലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ സമാനമായ കേസുണ്ട്.
ഈ കേസിൽ മൂന്ന് നൈജീരിയൻ പൗരന്മാരും കാസർഗോഡ് സ്വദേശികളും ഉൾപ്പെടെ 7 പേർ അറസ്റ്റിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ടൗൺ ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. മുഹമ്മദ് സബീർ സീനിയർ സിപിഒ മാരായ സജേഷ്കുമാർ ഉദയകുമാർ, സി പി ഒ മാരായ സുജിത്ത് സി.കെ, ഉല്ലാസ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.