ദില്ലി: ദില്ലിയിലെ ആർ കെ പുരത്ത് വെടിവെപ്പ്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. വെടിയേറ്റ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റതിനാൽ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. ആർകെ പുരം അംബേദ്കർ കോളനിയിലെ താമസക്കാരായ പിങ്കി, ജ്യോതി എന്നിവരാണ് മരിച്ചത്. പിങ്കിക്ക് 30 ഉം ജ്യോതിക്ക് 28 ഉം വയസാണ് പ്രായം.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. ദില്ലി പൊലീസ് അക്രമികൾക്കായി തെരച്ചിൽ തുടങ്ങി. വെടിവെച്ചവരും പരിക്കേറ്റവരും ബന്ധുക്കളാണെന്നാണ് വിവരം. രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. ഇവരിലൊരാളാണ് തോക്കുപയോഗിച്ച് വെടിവെച്ചത്. പ്രതികൾ ഒളിവിലാണ്. ആർകെ പുരം പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.