തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച എംപി ഫണ്ടിന്‍റെ നൂറ് ശതമാനവും വിനിയോഗിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പ്രാദേശിക വികസന ഫണ്ടില്‍ 2023-2024 വര്‍ഷത്തേക്കായി അനുവദിച്ച മുഴുവന്‍ തുകയുമാണ് എംപി മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കടല്‍ ഭിത്തി നിര്‍മ്മാണം, അംഗപരിമിതരുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനം, മാനസിക ആരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന വികസനം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടന്നതെന്നാണ് ശശി തരൂര്‍ പ്രസ്താവനയില്‍ വിശദമാക്കുന്നത്.
കായിക മേഖലയ്ക്ക് പ്രോത്സാഹനമായി ബാഡ്മിന്‍റണ്‍ കോര്‍ട്ട്, ഫുട്ബോള്‍ കോര്‍ട്ട്, പ്രാക്ടീസ് ഉപകരണങ്ങളും സ്കൂളുകള്‍ക്ക് ബസുകള്‍, കംപ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, ഹൈബ്രിഡ് കിട്ടണുകള്‍ എന്നിവയ്ക്കും പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തുക ചെലവിട്ടതായാണ് ശശി തരൂര്‍ പ്രസ്താവനയില്‍ വിശദമാക്കുന്നത്. മിനി മാസ് ലൈറ്റുകള്‍, പാലങ്ങള്‍ എന്നിവയ്ക്ക് പുറമേ പാരമ്പര്യ ഊര്‍ജ്ജ സ്രോതസുകള്‍ ഉപയോഗപ്പെടുത്തുന്നതിനായി സോളാര്‍ മഴവെള്ള സംഭരണികള്‍ എന്നിവയ്ക്കായും ഫണ്ട് അനുവദിച്ചു.
സംസ്ഥാനത്തെ ആദ്യത്തെ ഒക്കുപ്പേഷന്‍ തെറാപ്പി റൂം സ്ഥാപിച്ചത് എംപി ഫണ്ടിലൂടെയാണ്. കടലാക്രമണം രൂക്ഷമായ കൊച്ചുതോപ്പ്, പൊഴിയൂര്‍, പരുത്തിയൂര്‍, കൊല്ലങ്കോട് പ്രദേശങ്ങളില്‍ കടല്‍ ഭിത്തി നിര്‍മ്മാണത്തിനായി 1.5 കോടി രൂപയാണ് എംപി ഫണ്ടില്‍ നിന്ന് ചെലവിട്ടത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ തെര്‍മല്‍ ഇമേജിംഗ് ക്യാമറ സ്ഥാപിക്കാനുള്ള ഇടപെടലുകള്‍ക്കൊപ്പം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും എംപി സജീവമായിരുന്നു.