പാലക്കാട്: അട്ടപ്പാടിയിൽ ജനവാസ മേഖലയിൽ ഒറ്റയാനിറങ്ങി. ഷോളയൂർ ജനവാസ മേഖലയിലാണ് പെട്ടിക്കൽ കൊമ്പൻ ഇറങ്ങിയത്. ഷോളയൂർ ചാവടിയൂരിൽ രങ്കന്റെ വീടിന് സമീപം രാവിലെ ആറ് മണിക്കാണ് പെട്ടിക്കൽ കൊമ്പനെത്തിയത്. വനം വകുപ്പും നാട്ടുകാരും ആനയെ കാടുകയറ്റി. അതേസമയം അഗളിയിൽ കൂട്ടം തെറ്റി ഒറ്റപ്പെട്ട കുട്ടിയാനയെ കൂട്ടാൻ നാലാം ദിവസവും അമ്മയാന വന്നില്ല.
നിലവിലെ ഷെൽട്ടറിൽ നിന്ന് കൃഷ്ണ വനത്തിലെ ബൊമ്മിയാംപ്പടിയിലെ കാട്ടിലേക്ക് കുട്ടിയാനയെ മാറ്റിയിരിക്കുകയാണ്. കാടിനകത്ത് വനം വകുപ്പിന്റെ ക്യാമ്പ് സ്റ്റേഷന് സമീപത്തേക്കാണ് കുട്ടിയാനയെ മാറ്റിയത്. ഇന്നലെ രാത്രി കൂടിന് സമീപം തള്ളയാന എത്തിയെങ്കിലും കുട്ടിയാനയെ കൊണ്ടുപോയില്ല. കുട്ടിയാനയെ അമ്മയാന ഇനി കൂടെ കൂട്ടാൻ സാധ്യത വളരെ കുറവാണെന്ന് വനം വകുപ്പ് അട്ടപ്പാടി റേഞ്ച് ഓഫീസർ സി സുമേഷ് വ്യക്തമാക്കി.
അതിനിടെ മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ നിലയുറപ്പിച്ച ഒറ്റയാൻ വാഹനം തടഞ്ഞു. മാട്ടുപ്പെട്ടി ഇക്കോ പോയിന്റിന് സമീപമാണ് ആന വാഹനം തടഞ്ഞത്. ഇതേ തുടർന്ന് ഒരു മണിക്കൂറോളം സമയം ഈ റോഡിൽ വാഹന ഗതാഗതം തടസപ്പെട്ടു.