ദില്ലി: കാലവർഷം ശക്തമായതിനെ തുടർന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ. അസമിലും സിക്കിമിലും മേഘാലയയിലും വെള്ളപ്പൊക്കം ഉണ്ടായി. അസമിലെ 146 ഗ്രാമങ്ങളില്‍ വെള്ളം കയറി. ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ്. സിക്കിമിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2100 ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തി. എന്നാൽ 300 പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ശക്തമായ മഴയെ തുടർന്ന് 37,000 പേർ പ്രതിസന്ധിയിലാണെന്നാണ് വിവരം. മേഘാലയയില്‍ 79 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. സിക്കിമില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്.
ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തിൽ മഴ പെയ്തത് കുറവായിരുന്നു. എന്നാൽ ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും അതിശക്തമായ മഴയാണ് കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ ലഭിച്ചത്. എന്നാൽ സംസ്ഥാനത്ത് ദുർബലമായിരുന്ന കാലവർഷം വീണ്ടും സജീവമാകുന്നുണ്ട്. സംസ്ഥാനത്തെമ്പാടും ഇന്ന് വ്യാപകമായി മഴ പെയ്യുമെന്നാണ് പ്രവചനം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യയുണ്ട്. കടൽ പ്രക്ഷുബ്‌ധമായിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ പ്രവചനം. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.