കൊല്ലം: കൊട്ടാരക്കരയിൽ താമസസ്ഥലത്ത് അന്തർസംസ്ഥാന തൊഴിലാളി യുവതി പ്രസവിച്ചു. കരിക്കത്ത് താമസിക്കുന്ന ബീഹാർ സ്വദേശി മുഹമ്മദ് വീരത്തിന്റെ ഭാര്യ ഷാക്കൂർ (30) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.യുവതിക്കും കുഞ്ഞിനും കനിവ് ആംബുലൻസ് ജീവനക്കാർ പ്രഥമശുശ്രൂഷ നൽകി സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചു. കരിക്കത്ത് ആക്രി കച്ചവടം നടത്തുകയാണ് മുഹമ്മദ് വീരത്തും ഭാര്യ ഷാക്കൂറും. കടയിൽ തന്നെയാണ് ഇരുവരുടെയും താമസം. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ ഷാക്കൂറിനു പ്രസവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ് മുഹമ്മദ് വീരത്ത് ആശ വർക്കറെ വിവരം അറിയിച്ചു.
ആശ വർക്കർ ഉടൻ തന്നെ കനിവ് ആംബുലൻസിന്റെ സേവനം തേടി. ആംബുലൻസ് പൈലറ്റ് ജ്യോതിഷ് കുമാർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രഞ്ജിനി എസ്. നായർ എന്നിവർ സ്ഥലത്തെത്തുന്നതിന് മുമ്പ് ഷാക്കൂർ കുഞ്ഞിന് ജന്മം നൽകി. സ്ഥലത്തെത്തിയ ഉടനെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രഞ്ജിനി എസ്. നായർ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി.പിന്നാലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.