കൊച്ചി ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ആരോപണം പാർട്ടി പത്രത്തിനുണ്ടായ വെളിപാട് മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘‘പെൺകുട്ടിയുടെ മൊഴിയുണ്ടെങ്കിൽ വിചാരണ സമയത്തോ അന്വേഷണ സമയത്തോ എന്തുകൊണ്ട് കാര്യമായി എടുത്തില്ല. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ മൊഴി രേഖപ്പെടുത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.കേസിൽ ശിക്ഷ വിധിച്ച ശേഷമുണ്ടായ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രി ആരോപണത്തിന്റെ ശരശയ്യയിലാണ്. അതിന്റെ കൂടെ പ്രതിപക്ഷത്തെ ഉൾപ്പെടുത്താനാണ് ശ്രമം’’– സതീശൻ പറഞ്ഞു.പോക്സോ കേസിൽ ചോദ്യം ചെയ്യാനാണ് സുധാകരനെ വിളിപ്പിച്ചിരിക്കുന്നതെന്ന് ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഒരാൾക്കെതിരെയും പ്രത്യേകം കേസെടുക്കണമെന്ന് താൽപര്യമില്ലെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.