ദുബായ്∙ കേരളത്തിൽ രണ്ട് ഐടി പാർക്കുകൾ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐടി കോറിഡോറുകളുടെ സ്ഥലമെടുപ്പ് പൂർത്തിയാകുകയാണ്. ദുബായിൽ സ്റ്റാർട്ടപ്പ് മിഷൻ ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.‘‘സ്റ്റാര്‍ട്ടപ്പുകള്‍ വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവരുന്നത്. തൊഴില്‍ തേടുന്ന രീതി മാറി, തൊഴില്‍ സൃഷ്ടിക്കുന്നവരായി യുവാക്കൾ മാറി. 4,500 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ചു’’– പിണറായി വിജയൻ പറഞ്ഞു.
പ്രവാസി സംരംഭകർക്ക് ഒത്തുചേരാനും കേരളത്തിൽ പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതിയാണ് സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ. സംരംഭകർ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക, കേരളത്തിലേക്കു കൂടുതൽ സംരംഭകരെ ആകർഷിക്കുക, ഐടി പദ്ധതികളിലേക്കുള്ള നിക്ഷേപം വർധിപ്പിക്കുക തുടങ്ങിയവയും സെന്റർ ലക്ഷ്യമിടുന്നുണ്ട്. യുഎസ് സന്ദർശനം പൂർത്തിയാക്കിയ മുഖ്യമന്ത്രി ശനിയാഴ്ച രാത്രിയോടെയാണ് ദുബായിലെത്തിയത്.