അഞ്ചല്‍: ഇക്കോ ടൂറിസം പദ്ധതി പ്രദേശത്ത് സ്വകാര്യ ഭൂമിയിൽ കുരങ്ങുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. വനം വകുപ്പിന്റെ അഞ്ചല്‍ റേഞ്ചില്‍പ്പെടുന്ന ആനക്കുളം കുടുക്കത്ത് പാറ ഇക്കോ ടൂറിസം പദ്ധതി പ്രദേശത്താണ് ഒമ്പത് കുരങ്ങുകൾ കൂട്ടത്തോടെ ചത്തത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടർന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സജുവിന്‍റെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി.
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം വനം വകുപ്പ് വെറ്റിനറി സര്‍ജൻ പോസ്റ്റ്മോര്‍ട്ടം ചെയ്തു. പിന്നീട് ഇവ മറവ് ചെയ്തു. വൈദ്യുതാഘാതമേറ്റതാണ് കുരങ്ങുകള്‍ കൂട്ടമായി ചാകാന്‍ കാരണമെന്നാണ് വനം വകുപ്പധികൃതരുടെ പ്രാഥമിക നിഗമനം. വിദഗ്ദ്ധ പരിശോധനക്കായി ഇവയുടെ സാമ്പിളുകള്‍ പാലോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിക്കുന്നമുറയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അന്വേഷണം ആരംഭിച്ചുവെന്നും റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു.