നല്ല സുന്ദരമായ ചര്‍മ്മം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ മുഖക്കുരു, കറുത്തപാടുകൾ, കണ്ണിന് ചുറ്റിലുമുള്ള കറുപ്പ്, കരുവാളിപ്പ്, ചുളിവുകള്‍ തുടങ്ങിയ പല ചര്‍മ്മ പ്രശ്നങ്ങളും നേരിടുന്നവരാണ് പലരും. പ്രായമാകുമ്പോള്‍ ചർമ്മത്തില്‍ പല മാറ്റങ്ങളും ഉണ്ടാകാം. ശരീരത്തിൽ ചുളിവുകളും വരകളും വീഴാം. അത് സ്വാഭാവികമാണ്. പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്യുന്നത് നല്ലതാണ്.
മുഖത്തെ കരുവാളിപ്പും ചുളിവുകളും കറുത്തപാടുകളും അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ചില പഴങ്ങള്‍ ഉണ്ട്. അത്തരത്തില്‍ പഴങ്ങള്‍ കൊണ്ടുള്ള ചില ഫേസ് പാക്കുകള പരിചയപ്പെടാം…
ഒന്ന്…
ആപ്പിള്‍ കൊണ്ടുള്ള ഫേസ് പാക്കാണ് ആദ്യം. ഇവ ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റാനും ചര്‍മ്മം തിളക്കമുള്ളതാക്കാനും സഹായിക്കും. ഇതിനായി ആപ്പിളും തേനും നന്നായി മിക്സിയിലിട്ട് അടിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.
രണ്ട്…
പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. അതുപോലെ തന്നെ പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റ് ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നു. പപ്പായ ഫേസ് പാക്ക് തയ്യാറാക്കാനായി ആദ്യം വിളഞ്ഞ പപ്പായ നാലായി മുറിച്ചതിന് ശേഷം അതില്‍ നിന്ന് ഒരു ഭാഗം എടുക്കുക. ശേഷം രണ്ട് ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേനും പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം.
മൂന്ന്…
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്. ചർമ്മത്തിന്‍റെ അഴകും ആരോഗ്യവും മെച്ചപ്പെടുത്താൻ ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്. അതുപോലെ ഓറഞ്ചിന്റെ തൊലിയും നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്. മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമാണ് ഓറഞ്ചിന്‍റെ തൊലി. ഇതിനായി ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടീസ്പൂണും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും, കറുത്ത പാടുകളും, കരുവാളിപ്പും കുറയ്ക്കാനും, ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കും.
നാല്…
വിറ്റാമിന്‍ സിയും മറ്റും അടങ്ങിയ മാമ്പഴം ചര്‍മ്മത്തിലെ ചുളിവുകളെ തടയാന്‍ സഹായിക്കും. ഇതിനായി ഒരു ടീസ്പൂണ്‍ മാമ്പഴ പൾപ്പ്, രണ്ട് ടീസ്പൂണ്‍ കടലമാവ്, രണ്ട് ടീസ്പൂൺ ബദാം പൊടിച്ചത്, ഒരു ടീസ്പൂൺ തേൻ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തെ പാടുകള്‍, കരുവാളിപ്പ് എന്നിവ മാറാനും ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും.
അഞ്ച്…
വാഴപ്പഴം മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. ഇതിനായി പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.