അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അറഫാ ദിനവും ബലി പെരുന്നാള്‍ ദിനവും ഉള്‍പ്പെടെ നാല് ദിവസത്തെ അവധിയായിരിക്കും സ്വകാര്യ മേഖലയ്ക്ക് ലഭിക്കുക.
ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വെള്ളിയാഴ്ച വരെയാണ് സ്വകാര്യ മേഖലയുടെ അവധി. ഹിജ്റ കലണ്ടറില്‍ ഇത് ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ 12 വരെയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ വാരാന്ത്യ അവധി ലഭിക്കുന്നവര്‍ക്ക് അതു കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ആറ് ദിവസം അവധി ലഭിക്കും. അങ്ങനെയെങ്കില്‍ അവധിക്ക് ശേഷം ജൂലൈ മൂന്നാം തീയ്യതിയായിരിക്കും പ്രവൃത്തി ദിനങ്ങള്‍ പുനഃരാരംഭിക്കുന്നത്.
ഞായറാഴ്ച രാത്രി സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ 27 ചൊവ്വാഴ്ച അറഫ ദിനവും 28ന് ബലി പെരുന്നാളും നിശ്ചയിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. റിയാദ് നഗരത്തിൽ നിന്ന് 140 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന താമിർ എന്ന നഗരത്തിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രഖ്യാപനം. ഒമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ബലി പെരുന്നാള്‍ ജൂണ്‍ 28 ബുധനാഴ്ചയായിരിക്കും.