കോഴിക്കോട്: സഹനിർമാതാവിന്റെ പേര് സിനിമയുടെ ടൈറ്റിലിൽ നിന്ന് നീക്കിയെന്ന പരാതിയിൽ പ്രദർശനം നിർത്തിവെക്കാൻ കോടതി ഉത്തരവ്. തമിഴ് താരം തലൈവാസൽ വിജയ് മുഖ്യ വേഷമിടുന്ന ‘സോറോ’ എന്ന മലയാള സിനിമയുടെ പ്രദർശനമാണ് കോഴിക്കോട് ഒന്നാം അഡീഷണൽ മുൻസിഫ് സി. ഉബൈദുല്ല ഇനിയൊരുത്തരവുണ്ടാവും വരെ താത്ക്കാലികമായി തടഞ്ഞത്.
പ്രൊഡ്യൂസർമാരിൽ ഒരാളായ ആർ. സുരേഷ്, ഭാര്യ മഞ്ജു സുരേഷ്, ചിത്രാഞ്ജലി സ്റ്റുഡിയോ മാനേജിങ് ഡയറക്ടർ, മേഖല സെൻസർ ഓഫീസർ എന്നിവരെ എതിർകക്ഷികളാക്കി സഹനിർമാതാവായ കൊസൈൻ ഗ്രൂപ്പ് ഉടമ യു. ജിഷയാണ് ഹരജി നൽകിയത്. അഡ്വ. എം.കെ.സറീന, അഡ്വ. പി.മിനി എന്നിവർ ജിഷക്കുവേണ്ടി ഹാജരായി. ജിഷയുടെ പേര് ഉൾപ്പെടുത്താതെ പടമിറക്കുന്നതാണ് കോടതി തടഞ്ഞത്. 20 ലക്ഷം രൂപ സിനിമക്ക് മുടക്കിയ തന്റെ പേര് ഒഴിവാക്കി എതിർ കക്ഷി സ്വന്തം പേരുമാത്രം വച്ചുവെന്നാണ് പരാതി. ട്രെയിലറിൽ തന്റെ പേരുണ്ടെങ്കിലും സിനിമയിൽ നിന്ന് മാറ്റുകയായിരുന്നുവെന്നും പരാതിയിലുണ്ട്. പരാതിയിൽ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തിയാണ് നടപടി.