മലപ്പുറം: മമ്പാട് താളിപൊയിൽ ഐസ്‌കുണ്ടിൽ കണ്ടെത്തിയ കാൽപ്പാടുകൾ ജനങ്ങളെ ഭീതിയിലാഴ്ത്തി. ഐസ്‌കുണ്ടിൽ കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേത് തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതോടെ ഭിതി വർധിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനപാലകർ അറിയിച്ചിട്ടുണ്ട്.
നിലമ്പൂർ നോർത്ത് ഡിവിഷൻ പരിധിയിലെ എടക്കോട് റിസർവ്വ് മേഖലയിൽ ഉൾപ്പെട്ട ചാലിയാർ പുഴയുടെ തുരുത്തിലാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടത്. മീൻ പിടിക്കാൻ പോകുന്നവരാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടതായി വനപാലകരെ അറിയിച്ചത്. എടക്കോട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ എ നാരായണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി ബിജിൽ, എ അഭിഷേക് പി അത്വിബുദ്ദീൻ, എൻ ഷാജിത്, സറഫുദ്ദീൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയാണ് കടുവയുടെ കാൽപ്പാടാണെന്ന് സ്ഥിരീകരിച്ചത്.
കാട്ടാനകൾക്ക് പുറമെ കടുവയുടെ സാന്നിധ്യം കൂടി കണ്ടെത്തിയത് മേഖലയിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം പഞ്ചായത്തംഗം സിനി ഷാജിയടക്കമുള്ളവർ തന്നെ വ്യക്തമാക്കി രംഗത്തെത്തി. നേരത്തെ ചാലിയാർ പഞ്ചായത്തിലെ വെണ്ണേക്കോട് മേഖലയിലും കടുവയുടെ കാൽപാദം കണ്ടെത്തിയിരുന്നു.