ദില്ലി;മണിപ്പൂര്‍ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കാന്‍ നീക്കം. മോദിയുടെ അമേരിക്കന്‍ പര്യടനത്തിനിടെ വാഷിംഗ്ടണ്ണില്‍ മെയ്തി വിഭാഗം പ്രതിഷേധിക്കും.കലാപത്തില്‍ ഇടപെടല്‍ കാത്ത് നിന്ന മണിപ്പൂരിലെ ഭരണ പ്രതിപക്ഷ അംഗങ്ങളെ അവഗണിച്ച് അമേരിക്കക്ക് പുറപ്പെട്ട മോദിയെ പിന്തുടര്‍ന്നാണ് പ്രതിഷേധം. നോര്‍ത്ത് അമരിക്കയിലുള്ള മെയ്തി വിഭാഗം മറ്റന്നാള്‍ വാഷിംഗ് ടണിലെ ഒരു പാര്‍ക്കില്‍ പ്രതിഷേധിക്കാനാണ് തീരുമാനം. സാഹചര്യം ഇത്രത്തോളം രൂക്ഷമായിട്ടും പ്രധാനമന്ത്രി ഇടപെടാത്തത് ചോദ്യം ചെയ്താണ് പ്രതിഷേധം. മോദിയുടെ മൗനം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കുന്നത് വഴി സ്ഥിരം വിമര്‍ശകരായ പാകിസ്ഥാനെ പോലുള്ള രാജ്യങ്ങള്‍ സാഹചര്യം ആയുധമാക്കിയേക്കും.
അതേ സമയം കലാപത്തില്‍ അയവില്ലെങ്കിലും തല്‍ക്കാലം മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടെന്നാണ് തീരുമാനം. മുഖ്യമന്ത്രിയെ മാറ്റണമന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ബിരേന്‍ സിംഗ് തുടരട്ടെയെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം.സായുധ ഗ്രൂപ്പുകള്‍ അക്രമം നിര്‍ത്തിയില്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കാനാണ് തീരുമാനം. കലാപം ആളിക്കത്തിക്കാന്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്‍ തോതില്‍ പണം മണിപ്പൂരിലേക്ക് ഒഴുകിയതായി വിവരമുണ്ട്. സാമ്പത്തിക ഇന്‍റലിജന്‍സ് യൂണിറ്റ് ഇതേകുറിച്ച് അന്വേഷണം തുടങ്ങി. കഴിഞ്ഞ 6 മാസത്തിനിടെ നടന്ന ഇരുപത് ലക്ഷത്തിന് മുകശളിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് അന്വേഷിക്കുന്നത്.
ഇതിനിടെ കുക്കി വിഭാഗങ്ങളുടെ സംരക്ഷണത്തിന് സായുധ സേനയെ വിന്യസിക്കണമെന്ന ആവശ്യത്തില്‍ അടിയന്തര വാദത്തിന് സുപ്രീംകോടതി തയ്യാറായില്ല. സേന ഇടപെടലിന് നിര്‍ദ്ദേശിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് അടുത്ത മൂന്നിലേക്ക് മാറ്റി.