ആഗ്ര: ഒരു ഡോക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആശുപത്രികളുടെ എണ്ണം കണ്ട് ഞെട്ടിയിരിക്കുകയാണ് ഉത്തർ പ്രദേശിലെ ഉദ്യോഗസ്ഥർ. 83 ആശുപത്രികളാണ് ഒരു ഡോക്ടറുടെ പേരിൽ കണ്ടെത്തിയത്. മീറത്തിലും കാൺപൂരിലും പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ വിവിധ ജില്ലകളിലുമായാണ് 83 ആശുപത്രികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ വർഷം മുതൽ ആശുപത്രികളുടേയും ക്ലിനിക്കുകളുടേയും ലൈസൻസ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഓൺലൈനായി നടത്തണമെന്ന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടിരുന്നു. ഇത്തരത്തിൽ അപേക്ഷകൾ പരിശോധിച്ച സമയത്താണ് തട്ടിപ്പ് പുറത്തായത്. കേസിന്‍റെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഇത് മാത്രമല്ല, ഇത്തരത്തിൽ നിരവധി തട്ടിപ്പുകളാണ് ഉത്തർ പ്രദേശിലുടനീളം കണ്ടെത്തിയത്. നൂറകണക്കിന് ക്ലിനിക്കുകളാണ് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത്.
മെഡിക്കൽ പ്രാക്ടീഷണർമാരല്ലാത്ത ആളുകൾ ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ എന്നിവ നടത്തുന്നതിനായി ആരോഗ്യ വകുപ്പിൽ നിന്ന് ഡോക്ടറുടെ പേരിൽ ലൈസൻസ് നേടുകയാണ് ചെയ്യുന്നത്. നിരവധി ഫിസിഷ്യൻമാർ, കാർഡിയോളജിസ്റ്റുകൾ, പീഡിയാട്രീഷ്യന്മാർ, സർജന്മാർ എന്നിവരെല്ലാം ഇതിന്‍റെ ഭാഗമാണെന്നും റിപ്പോർട്ട് പറയുന്നു. വിഷയം വിശദമായി അന്വേഷിക്കുമെന്നാണ് അധികൃതർ പറയുന്നത്.