തിരുവനന്തപുരം: സിനിമാക്കഥയെ വെല്ലുംവിധം നാടീകയതകളും നിയമപോരാട്ടവും കഴിഞ്ഞ് ഒടുവിൽ അഖിലും ആല്‍ഫിയയും ഒരുമിച്ചു. ഇരവരും ഇന്ന് വൈകിട്ട് 5.30ന് മലവിള പനമൂട്ടിൽ ശ്രീ മാടൻ തമ്പൂരാൻ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. അഖിലിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താലികെട്ട്. എല്ലാ പ്രതിബന്ധങ്ങളെയും പരസ്പര സ്നേഹം കൊണ്ട് തോല്‍പ്പിച്ച് ഇരുവരും സ്വപ്നം കണ്ട ജീവിതത്തിന് തുടക്കം കുറിച്ചു.
അഖിലിന്റെ മുത്തച്ഛൻ ശിവാനന്ദൻ അഖിലിന് അൽഫിയയുടെ കൈപിടിച്ച് നൽകി. തുടർന്ന് നടന്ന വിവാഹ സൽക്കാരത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കോവളത്ത് നിന്ന് കല്യാണത്തിന് മുമ്പ് പെൺകുട്ടിയെ ബലം പ്രയോഗിച്ചു പൊലീസ് കൊണ്ട് പോയ സംഭവത്തിൽ കോടതി ഇടപെട്ടതോടെയാണ് ഇരവരുടേയും വിവാഹം വേഗത്തിലായത്. സമൂഹമാധ്യമങ്ങളിലൂടെയാണ് അഖിലും ആൽഫിയയും തമ്മിൽ പരിചയപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് കായംകുളം സ്വദേശിനി അൽഫിയയും കോവളം കെ.എസ് റോഡ് സ്വദേശി അഖിലും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന് തൊട്ടുമുൻപ് കായംകുളം പൊലീസ് എത്തി അമ്പലത്തിൽ നിന്ന് അൽഫിയയെ ബലമായി കൊണ്ട് പോകുകയിരുന്നു. പൊലീസ് നടപടിയിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയെ ഇഷ്ടപ്രകാരം അഖിൽനൊപ്പം കോടതി വിട്ടയക്കുകയായിരുന്നു.
സ്വന്തം ഇഷ്ടപ്രകാരം ആണ് അഖിലിനോപ്പം വന്നതെന്ന് ആൽഫിയ വ്യക്തമാക്കി. വെള്ളിയാഴ്ച കോവളം പൊലീസ് സ്റ്റേഷനിൽ വെച്ച് വീട്ടുകാർക്കൊപ്പം പോകാൻ തയ്യാറല്ലെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷം ശനിയാഴ്ചയാണ് കായംകുളം പൊലീസ് സ്റ്റേഷനിൽ വീട്ടുകാർ മകളെ കാണാനില്ലെന്ന പരാതി നൽകിയത്. ഒടുവിൽ കായംകുളം പൊലീസെത്തി ആല്‍ഫിയയെ ബലമായി പിടിച്ച് കൊണ്ടുപോയി കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രറ്റിന്‍റെ വീട്ടിലെത്തിച്ചു. ഈ സമയം അഖിലും ഇവിടെയെത്തിയിരുന്നു. അഖിലിനൊപ്പം പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. ഇത് മജിസ്ട്രേറ്റ് അനുവദിക്കുകയായിരുന്നു. തുടർന്ന് ഇരുവരും കോവളത്തേക്ക് മടങ്ങുകയായിരുന്നു.