കായംകുളം∙ എംകോം പ്രവേശനത്തിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ എസ്എഫ്ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെ കായംകുളം പൊലീസ് കേസെടുത്തു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അതേസമയം, നിഖിൽ തോമസ് ഒളിവിലാണെന്നാണ് വിവരം. നിഖിലിനെ അൽപം മുൻപ് എസ്എഫ്ഐയിൽനിന്ന് പുറത്താക്കിയിരുന്നു.
പൊലീസ് സംഘം കലിംഗ സർകലാശാലയിലെത്തി നിഖിലിന്റെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നാണ് വിവരം. ഒരു എസ്ഐയും ഒരു സിപിഒയുമാണ് കലിംഗയിലെത്തിയത് എന്നാണ് സൂചന. സർവകലാശാല റജിസ്ട്രാർ ഉൾപ്പെടെയുള്ളവരിൽനിന്ന് വിവരം തേടാനാണ് ശ്രമം.
നേരത്തെ, നിഖിലിനെതിരെ കായംകുളം എംഎസ്എം കോളജ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. നിലവിൽ എംകോ നാലാം സെമസ്റ്റർ വിദ്യാർഥിയായ നിഖിൽ തോമസ് പ്രവേശനത്തിനായി സമർപ്പിച്ച ഡിഗ്രി സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ സർകലാശാല വെരിഫിക്കേഷൻ നടത്തിയതാണ്. എന്നാൽ ഈ രേഖകൾ വ്യാജമാണെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി നിഖിലിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് കോളജ് സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെടുന്നത്.