കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ പല സ്ഥലങ്ങളിലും കാലവര്‍ഷം ആരംഭിച്ചു കഴിഞ്ഞു. മഴ വന്നതോടെ ചൂടിന് ആശ്വാസമായെങ്കിലും സന്ധിവാതം പോലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് അത്ര സന്തോഷകരമായ കാലമല്ല. മഴക്കാലത്താണ് സന്ധിവാതം മൂലമുള്ള വേദനയും നീരും മറ്റ് വൈഷമ്യങ്ങളുമെല്ലാം അധികരിക്കുന്നത്. മഴ വരുന്നതോടെ താപനില കുറയുന്നതാണ് ഇതിലേക്ക് നയിക്കുന്നത്. അന്തരീക്ഷ ഊഷ്മാവിന് പുറമേ ഈര്‍പ്പത്തിലും വായുമര്‍ദത്തിലുമെല്ലാം വ്യതിയാനങ്ങള്‍ ഇക്കാലയളവില്‍ വരാം. ഇതെല്ലാം സന്ധിവാത രോഗികളുടെ ബുദ്ധിമുട്ടുകള്‍ അധികരിപ്പിക്കുന്നു.
മഴക്കാലത്ത് സന്ധിവാതം മൂലമുള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിന് ഇനി പറയുന്ന ചില കാര്യങ്ങള്‍ പിന്തുടരാമെന്ന് നെക്സസ് ഡേ സര്‍ജറി സെന്‍ററിലെ ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. പ്രിഥ്വിരാജ് ദേശ്മുഖ്അഭിമുഖത്തില്‍ പറയുന്നു.
1. ശരീരം ചൂടാക്കി നിര്‍ത്താം
സന്ധിവേദനകളെ നിയന്ത്രിക്കുന്നതിന് ശരീരം ചൂടാക്കി നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ശരീരം ചൂടായിരിക്കുമ്പോൾ രക്തചംക്രമണം വര്‍ധിക്കുകയും സന്ധിവേദന കുറയുകയും ചെയ്യും. ചൂട് വെള്ളത്തിലെ കുളി, ഹോട്ട് വാട്ടര്‍ ബാഗ് ഉപയോഗിച്ച് സന്ധികള്‍ക്ക് ചൂട് പിടിപ്പിക്കല്‍, ചൂട് പകരുന്ന വസ്ത്രങ്ങള്‍ എന്നിവ സഹായകമാണ്.
2. നിത്യവും വ്യായാമം
മഴക്കാലത്ത് പുറത്തിറങ്ങി നടക്കാനും മറ്റും കഴിയാത്തത് വ്യായാമത്തിന്‍റെ തോത് കുറയ്ക്കാം. ഇതും സന്ധിവേദന അധികരിപ്പിക്കും. ഇതിനാല്‍ വീട്ടിനകത്ത് തന്നെയാണെങ്കിലും നടപ്പ്, സ്ട്രെച്ചിങ് വ്യായാമങ്ങള്‍, ഫ്ളെക്സിബില്റ്റി വ്യായാമങ്ങള്‍ എന്നിവ ചെയ്യാന്‍ മറക്കരുത്. ഇത് രക്തചംക്രമണം വര്‍ധിപ്പിച്ച് വേദനയില്‍ നിന്ന് ആശ്വാസം നല്‍കും.
3. പോഷകസമൃദ്ധമായ ഭക്ഷണം
നീര്‍ക്കെട്ട് കുറയ്ക്കുന്ന ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ പതിവായി കഴിക്കാനും ശ്രദ്ധിക്കണം. വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണം സഹായകമാണ്. നട്സ്, അവക്കാഡോ, വിത്തുകള്‍, കടല്‍ മത്സ്യം, ബെറിപഴങ്ങള്‍, ഹോള്‍ ഗ്രെയ്നുകള്‍, പഴങ്ങള്‍ എന്നിവ ദിവസവും കഴിക്കണം. മുട്ടയും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും.
4. ഭാരം നിയന്ത്രിക്കുക
അമിതഭാരം സന്ധിവേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകാം. ഇതിനാല്‍ ഭാരം നിയന്ത്രിക്കാനും മഴക്കാലത്ത് ശ്രദ്ധിക്കേണ്ടതാണ്.
5. എസി ഉപയോഗം ഒഴിവാക്കുക
മഴക്കാലത്ത് എസി കൂടി ഉപയോഗിക്കുന്നത് സന്ധിവാതം മൂലമുള്ള പ്രശ്നങ്ങള്‍ വഷളാക്കും. ഇതിനാല്‍ ഈ കാലത്ത് എസി ഉപയോഗം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
വേദന അസഹനീയമാകുന്ന പക്ഷം വൈദ്യസഹായം തേടാനും മറക്കരുത്. മരുന്നുകള്‍ കഴിച്ചു കൊണ്ടിരിക്കുന്നവര്‍ അതില്‍ മുടക്കം വരുത്താതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.