അരൂർ: അരൂരിൽ തെരുവുനായ്ക്കളുടെ വിളയാട്ടം. നിയന്ത്രണത്തിന് വഴികളില്ലാതെ പഞ്ചായത്ത് നട്ടംതിരിയുന്നു. അരൂർ വ്യവസായ കേന്ദ്രത്തിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും മാർക്കറ്റ്, ശ്മശാനം, തീരദേശ റെയിൽവേയുടെ ഓരങ്ങൾ, കായൽ തീരങ്ങൾ എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കൾ പെറ്റുപെരുകിയത്. കൊച്ചുകുട്ടികളുമായും നടന്നും വാഹനത്തിൽ എത്തുമ്പോഴും ഇവ കുരച്ചുചാടുകയാണ്. അപ്രതീക്ഷിതമായി വാഹനങ്ങൾക്ക് വട്ടം ചാടുന്നത് ഭീതിപരത്തുന്നു. ചില വീട്ടുകാർ ഗേറ്റിനു പുറത്ത് ആഹാരം തെരുവുനായ്ക്കൾക്ക് നൽകുന്നത് ശല്യം വർധിക്കാൻ ഇടയാക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇറച്ചിക്കടകളിൽനിന്ന് പുറന്തള്ളുന്ന മാലിന്യവും നായ്ക്കൾ ആഹാരം ആകുന്നുണ്ട്. അരൂർ പൊതുമാർക്കറ്റിൽ വളരുന്ന നായ്ക്കൂട്ടം ചില നേരങ്ങളിൽ ആക്രമണകാരികൾ ആകാറുണ്ട്. തെരുവുനായ്ക്കൾക്കെതിരെ പ്രതിഷേധം വർധിക്കുമ്പോഴും പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്.