മുംബൈ ∙ ഐഎഎസ് ഓഫിസറുടെയും ശിവസേനയിലെ ഉദ്ധവ് താക്കറെ പക്ഷവുമായി അടുത്ത ബന്ധമുള്ള രണ്ട് സഹായികളുടെയും വീടുകളിലും ഓഫിസുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. മുംബൈ കോർപറേഷൻ കോവിഡ് കാലത്ത് സെന്ററുകൾ തുറന്നതിലെ അഴിമതികളുമായി ബന്ധപ്പെട്ട കേസുകളിലാണിത്.ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ജയ്സ്വാൾ, ആദിത്യ താക്കറെയുടെ വിശ്വസ്തനായ സൂരജ് ചവാൻ, ഉദ്ധവ് പക്ഷത്തെ ശക്തനായ എംപി സഞ്ജയ് റാവത്തിന്റെ സുഹൃത്ത് സുജിത് പട്കർ എന്നിവരുടെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്‍ഡ് നടത്തിയത്.
മുംബൈയിലെ 15 വ്യത്യസ്ത ഇടങ്ങളിലും താനെ, നവി മുംബൈ മേഖലകളിലുമാണ് ഇഡി റെയ്ഡ് സംഘടിപ്പിച്ചത്. സഞ്ജീവ് ജയ്സ്വാൾ മുൻപ് താനെ മുനിസിപ്പൽ കമ്മിഷണറായി ജോലി ചെയ്തിരുന്നു. കോവിഡ് കാലത്ത് ബിഎംസി അഡീഷനൽ കമ്മിഷണറുമായിരുന്നു.
ഇതേ കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജനുവരിയിൽ ബിഎംസി കമ്മിഷണർ ഐ.എസ്.ചെഹലിന്റെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട കരാർ വിവരങ്ങളും കരാറിന്റെ രീതികളും ഇഡി ചോദിച്ചറിഞ്ഞു.