തിരുവനന്തപുരം: മറുനാടൻ മലയാളിയിലെ മാധ്യമപ്രവർത്തകനും അവതാരകനുമായ സുദർശ് നമ്പൂതിരിയെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ ശക്തമായ പ്രതിഷേധവുമായി ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്. മറുനാടന്‍ മലയാളിയിലെ സുദര്‍ശന്‍ നമ്പൂതിരിയെ മാത്രമല്ല …ഞങ്ങളെ എല്ലാവരെയും തുറുങ്കില്‍ അടക്കുവാന്‍ പിണറായി സര്‍ക്കാര്‍ മുമ്പോട്ട് വരണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, ജനറല്‍ സെക്രട്ടറി ജോസ് എം. ജോര്‍ജ്ജ്, ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍, വൈസ് പ്രസിഡന്റ് അഡ്വ.സിബി സെബാസ്റ്റ്യന്‍, എമില്‍ ജോണ്‍, രവീന്ദ്രന്‍ ബി.വി, എസ്.ശ്രീജിത്ത്, എക്സിക്യുട്ടീവ് അംഗങ്ങളായ സജിത്ത് ഹിലാരി, അജിത ജെയ്ഷോര്‍ എന്നിവര്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ട് ഭീഷണിയിലൂടെ അവരെ വരുതിയിലാക്കുവാനാണ് പിണറായി സര്‍ക്കാരിന്റെ നീക്കം. ഇതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും ആരുടേയും ഭീഷണിക്കു മുമ്പില്‍ മുട്ടുമടക്കില്ലെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. ഇത് ഭീരുത്വമാണ്, അഴിമതി ആരോപണങ്ങള്‍ക്ക് മുമ്പില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം ജനാധിപത്യ ഇന്ത്യയില്‍ ഭരണഘടനപ്രകാരം അനുവദിച്ചിട്ടുള്ളതാണ്. ഇത് ഏതെങ്കിലും തരത്തില്‍ കവര്‍ന്നെടുക്കുവാനുള്ള നീക്കം ശക്തമായി നേരിടുമെന്നും ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗമായ ഘടക കക്ഷികള്‍ ഇക്കാര്യത്തില്‍ തികഞ്ഞ മൌനം പാലിക്കുന്നത് ഏറെ ഗൌരവത്തോടെ കാണുമെന്നും ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കില്ലെന്നും പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.
ഇന്ന് ഉച്ചയോടെ മറുനാടൻ മലയാളി ഓഫീസിലെത്തിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സുദർശനന്‍ നമ്പൂതിരിയെ കസ്റ്റഡിയിൽ എടുത്തത്. ഭാരത് ലൈവ് എന്ന സ്ഥാപനത്തിൽ ജോലിചെയ്ത വേളയിലുണ്ടായ വാർത്തയുടെ പേരിൽ കൊച്ചി ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സുദർശനന്‍ നമ്പൂതിരിയെ കസ്റ്റഡിയിൽ എടുത്തത്. കേസിന് ആധാരമായ വാർത്ത വായിച്ചതു പോലും സുദർശനന്‍ നമ്പൂതിരി ആയിരുന്നില്ല. സുമേഷ് മാർക്കോപ്പോളോ എന്നയാളാണ് കേസിലെ ഒന്നാം പ്രതി. ഈ കേസിൽ സാങ്കേതികമായി രണ്ടാം പ്രതിസ്ഥാനത്തായിരുന്നു സുദർശനന്‍ നമ്പൂതിരി. ഈ കേസിലെ ഒന്നാം പ്രതിക്കെതിരെ പോലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കേസിൽ പ്രതിസ്ഥാനത്തുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുകയുമാണ്.
ഏതാനും ആഴ്ച്ചകൾക്ക് മുമ്പാണ് സുദർശനന്‍ നമ്പൂതിരി മറുനാടനിൽ ജോയിൻ ചെയ്തത്. തിരുവനന്തപുരത്തെ മറുനാടൻ മലയാളിയുടെ ഓഫീസിൽ ജോലി ചെയ്യുമ്പോഴായിരുന്നു നാടകീയമായി പോലീസ് എത്തിയത്. സ്റ്റേറ്റ്മെന്റ് എടുക്കാനെന്ന് പറഞ്ഞു കൊണ്ടു പോകുകയായിയിരുന്നു. കാക്കനാട് പോലീസ് എത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കും എന്നാണ് മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചിരിക്കുന്നത്. മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ നിരന്തരം കേസെടുത്തു നിശബ്ദനാക്കാനുള്ള ശ്രമം പി വി അൻവറും സർക്കാറും ചേർന്ന് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കള്ളക്കേസുകൾ അടക്കം അധികാരത്തിന്റെ ബലത്തിൽ കെട്ടച്ചമക്കുകയാണ്. മറുനാടനെതിരെ സൈബർ ആക്രമണം നടത്തി അടച്ചുപൂട്ടിക്കാനുള്ള ശ്രമങ്ങളും ഇതിനിടെ ഉണ്ടായിരുന്നു. ഇതിനെയെല്ലാം മറുനാടൻ അതിജീവിച്ചതോടെയാണ് നുണപ്രചരണത്തെ ചെറുത്തതിന്റെ പേരിൽ പോലീസ് നടപടിയും ഉണ്ടായിരിക്കുന്നത്.