ന്യൂഡല്‍ഹി : സ്റ്റൗവില്‍ നിന്നു പുറത്തെത്തിയ വാതകം ശ്വസിച്ചു യുവതിയും 4 മക്കളും മരിച്ചു. ശാഹ്ദരയിലെ സീമാപുരിയിലാണ് അതിദാരുണ സംഭവം. മോഹിത് കല്ല എന്ന നിര്‍മാണ തൊഴിലാളിയുടെ ഭാര്യ രാധയും (30) രണ്ട് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അമര്‍പാല്‍ സിങ് എന്നയാളുടെ കെട്ടിടത്തിന്റെ അഞ്ചാം നിലയിലായിരുന്നു കുടുംബം വാടകയ്ക്കു താമസിച്ചിരുന്നത്. യുവതിയെയും കുട്ടികളെയും അബോധാവസ്ഥയില്‍ കണ്ട വിവരം ഇന്നലെ ഉച്ചയ്ക്ക് 1.30നാണു പൊലീസിനു ലഭിച്ചത്. ഉടന്‍ പൊലീസ് സംഘം സ്ഥലത്തെത്തി നാലു പേരെയും ആശുപത്രിയിലാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കടുത്ത തണുപ്പിനെ നേരിടാന്‍ സ്റ്റൗ കത്തിച്ച് മുറിക്കുള്ളില്‍ വച്ചിരുന്നുവെന്നും ഇതില്‍ നിന്നുള്ള വാതകം ശ്വസിച്ചതാണു മരണകാരണമെന്നുമാണു പ്രാഥമിക നിഗമനം. ഇടുങ്ങിയ മുറിയില്‍ വായുസഞ്ചാരത്തിനുള്ള മാര്‍ഗവുമുണ്ടായിരുന്നില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ യഥാര്‍ഥ കാരണം വ്യക്തമാകൂവെന്നു പോലീസ് പറഞ്ഞു.