രണ്ടാഴ്ചയോളം മധ്യപ്രദേശിലെ രാജ്ഗഡ് നഗരത്തെ വിറപ്പിച്ച കുരങ്ങൻ പിടിയിൽ. 20 പേരെ ആക്രമിക്കുകയും, തലയ്ക്ക് 21,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്ന കുരങ്ങിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ഉജ്ജയിനിൽ നിന്നുള്ള രക്ഷാസംഘവും പ്രാദേശിക ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കുരങ്ങിനെ പിടികൂടുകയായിരുന്നു.
ഇന്നലെ വൈകുന്നേരമാണ് അപകടകാരിയായ കുരങ്ങിനെ പിടികൂടിയത്. ഉജ്ജയിനിൽ നിന്നുള്ള പ്രത്യേക സംഘം നാട്ടുകാരുടെ സഹായത്തോടെ കുരങ്ങിനെ പിടികൂടുകയായിരുന്നു. കുരങ്ങിനെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച സംഘം, ഡാർട്ടുകൾ ഉപയോഗിച്ച് കുരങ്ങിനെ ശാന്തമാക്കുകയും പിന്നീട് കൂട്ടിൽ അടയ്ക്കുകയുമായിരുന്നു.
കുരങ്ങിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വനംവകുപ്പ് ജീവനക്കാർ കുരങ്ങിനെ വാഹനത്തിൽ കയറ്റുമ്പോൾ ജനക്കൂട്ടം ജയ് ശ്രീറാം, ജയ് ബജ്‌റംഗ് ബാലി മുദ്രാവാക്യങ്ങൾ വിളിക്കുന്നത് വീഡിയോയിൽ കാണാം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കുരങ്ങ് ആക്രമിച്ച 20-ഓളം ആളുകളിൽ എട്ട് കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ പലർക്കും ആഴത്തിലുള്ള മുറിവുകൾ ഉണ്ട്.
കുരങ്ങിനെ പിടികൂടാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് പ്രാദേശിക അധികാരികൾ 21,000 രൂപ ക്യാഷ് പ്രൈസ് പ്രഖ്യാപിക്കുകയും പ്രത്യേക റെസ്ക്യൂ ടീമിനെ വിളിക്കുകയും ചെയ്തിരുന്നു. കുരങ്ങിനെ വനപ്രദേശത്ത് തുറന്നുവിടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.