ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയും ടെസ്‌ല സ്പെയ്സ് എക്സ് സി.ഇ.ഒ ഇലോൺ മസ്കുമായുള്ള കൂടിക്കാഴ്ചയിൽ സ്റ്റാർലിങ്ക് പദ്ധതി ചർച്ചയായി. സ്പേസ് എക്സിന്റെ സാറ്റ്‍ലൈറ്റ് ഇന്റർനെറ്റ് പദ്ധതിയായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള താത്പര്യം ഇലോൺ മസ്ക് പങ്കുവെച്ചു. കൃത്രിമ ഉപഗ്രഹണങ്ങളുടെ സഹായത്തോടെ അതിവേഗ ഇന്റർനെറ്റ് സേവനം കുറഞ്ഞ നിരക്കിൽ എത്തിക്കുന്ന സ്പെയ്സ് എക്സിന്റെ പദ്ധതിയാണ് സ്റ്റാർലിങ്ക്.
ഇന്ത്യയുടെ വിദൂരഗ്രാമങ്ങളിലേക്ക് ഇന്റർനെറ്റ് എത്തിക്കാനുള്ള കമ്പനിയുടെ ശേഷിയെക്കുറിച്ച് മസ്ക് വിവരിച്ചു. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്നും, സ്റ്റാർലിങ്ക് പദ്ധതി അവതരിപ്പിക്കാനാകുമെന്ന് പ്രത്യാശിക്കുന്നതായും മസ്ക് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇന്ത്യയിലെ ഒറ്റപ്പെട്ട് നിൽക്കുന്ന ഗ്രാമങ്ങളെ ശാക്തീകരിക്കുന്നതിനും, ഇന്റർനെറ്റ് എത്തിയിട്ടില്ലാത്ത ഗ്രാമങ്ങളിലേക്ക് ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിനായും സ്റ്റാർലിങ്ക് പദ്ധതിക്ക് കഴിയുമെന്നാണ് സ്പേസ്എക്സ് കമ്പനിയുടെ വിലയിരുത്തൽ. കൂടാതെ, സ്റ്റാർലിങ്കിന്റെ നവീന സാങ്കേതിക വിദ്യയിലൂടെ ഇന്ത്യയിലെ വ്യക്തികൾക്ക് അവസരങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കാൻ സാധിക്കുമെന്നും മസ്ക് വിശ്വസിക്കുന്നു.
ഇത് കഴിയുന്നത്ര വേഗത്തിൽ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ ആരാധകനാണെന്ന് വ്യക്തമാക്കിയ മസ്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ വലിയ താൽപര്യമുണ്ടെന്നും അറിയിച്ചു.