കോഴിക്കോട്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ ഒളിവിൽ താമസിച്ചത് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് കെ. മുരളീധരൻ എം.പി. വിദ്യ എവിടെയാണ് ഒളിവിൽ താമസിച്ചത്, ആരൊക്കെ അവരെ സഹായിച്ചു എന്നതെല്ലാം അന്വേഷിക്കണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകരെപ്പോലും കാണിക്കാതെയാണ് പൊലീസ് വിദ്യയെ കൊണ്ടുപോയതെന്നും ഇതിന് പിന്നിൽ ദുരൂഹതയുണ്ട്. കെ.എസ്.യു നേതാവിനെതിരെയുള്ള വ്യാജ സർട്ടിഫിക്കറ്റ് ആരോപണം എസ്.എഫ്.ഐയുടെ വ്യാജ മാർക്ക് ലിസ്റ്റ് വിവാദം മറച്ചുവെക്കാനുള്ള സി.പി.എമ്മിന്റെ നാടകമാണ്. എല്ലാ വൃത്തികേടുകൾക്കും പൊലീസ് കൂട്ടുനിൽക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
കെ.എസ്.യു നേതാവിന്റെ പരാതിയിൽ കേസെടുക്കാത്ത പൊലീസ് സർവകലാശാലയുടെ പരാതിയിൽ കേസെടുത്തു. പൊലീസ് സി.പി.എം പറയുന്നത് മാത്രമാണ് ചെയ്യുന്നത്. മാധ്യമങ്ങളുടെയോ കോൺഗ്രസിന്റെയോ പരാതിയിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.












