തിരുവനന്തപുരം: സി.പി.എം നേതാക്കള്‍ ചിറകിലൊളിപ്പിച്ച വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതി കെ. വിദ്യക്ക് തെളിവുകള്‍ നശിപ്പിക്കാനും ഒളിവില്‍ കഴിയാനും കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിനും ഒത്താശ ചെയ്തശേഷമാണ് 16 ദിവസം കഴിഞ്ഞ് പൊലീസ് പിടികൂടിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഗത്യന്തരമില്ലാതെയാണ് പാര്‍ട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ ഒടുവിൽ പൊലീസിന് കീഴടങ്ങിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കാനും മൂന്നു കോളജുകളില്‍ അധ്യാപികയായി ജോലി നേടാനും വിദ്യക്ക് സഹായം നൽകിയവരെയും ഒളിവില്‍ പോകാന്‍ സഹായിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. കലിംഗ സര്‍വകലാശാല അറിയിച്ചിട്ടും വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കായംകുളം എം.എസ്.എം കോളജില്‍ പ്രവേശനം നേടിയ നിഖിൽ തോമസിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ധൈര്യമില്ല.
തെളിവുകള്‍ നശിപ്പിക്കാനും നിയമപഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടാനും പൊലീസ് സാവകാശം നൽകിയിരിക്കുകയാണ്. അറസ്റ്റിന് പാകമാകുമ്പോള്‍ സി.പി.എം വീശുന്ന പച്ചക്കൊടിക്കായി കാത്തിരിക്കുന്ന പൊലീസ് അധഃപതനത്തിന്റെ അടിത്തട്ടിലെത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.