അവസാനശ്വാസം വരെ പരസ്പരം ഒപ്പം നിൽക്കുമെന്ന് വിവാഹവേളയിലും മറ്റും ദമ്പതികൾ പ്രതിജ്ഞ എടുക്കാറുണ്ട്. ആ വാഗ്ദാനം അക്ഷരാർത്ഥത്തിൽ ശരിയായിരിക്കുകയാണ് ബിഹാറിലെ ബക്സാർ പട്ടണത്തിൽ നിന്നുള്ള ഒരു ദമ്പതികളുടെ കാര്യത്തിൽ. ഭാര്യ മരിച്ചതിന് തൊട്ടുപിന്നാലെ ഭർത്താവും മരണമടയുകയായിരുന്നു. ഭാര്യയുടെ വിയോഗം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഭർത്താവും മരിച്ചത് ബന്ധുക്കളെയും നാട്ടുകാരെയും അതീവ ദുഖത്തിലാഴ്ത്തി. ജീവിതത്തിലെന്ന പോലെ മരണത്തിലും വേർപിരിയാതിരുന്ന ഇരുവരെയും ഒരേ ശവകുടീരത്തിൽ ആണ് അന്ത്യവിശ്രമത്തിനായി അടക്കം ചെയ്തത്.
രോഗബാധിതയായി കിടപ്പിലായിരുന്ന ഭാര്യ രാംദുലാരി ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മരിച്ചത്. 81 വയസ്സായിരുന്നു ഇവർക്ക്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവരുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഭാര്യയുടെ മരണവാർത്ത അറിഞ്ഞ കമല പ്രസാദ് സോനാർ ഏറെ ദുഖത്തിലായിരുന്നു. തുടർന്നാണ് ഭാര്യ മരിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇദ്ദേഹവും മരണപ്പെട്ടത്. ജീവിതത്തിലും മരണത്തിലും ഒന്നിക്കാൻ സാധിച്ച അപൂർവം ദമ്പതിമാരിൽപ്പെട്ടവരാണ് രാംദുലാരിയും ഭർത്താവ് കമല പ്രസാദ് സോനാറുമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.
വിനോദ്, രാജ്കുമാർ, ജയ് പ്രകാശ് എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവർക്ക്. ചരിത്രവനിലെ മുക്തിധാം ശ്മശാനത്തിൽ ആണ് മക്കൾ തങ്ങളുടെ പ്രിയപ്പെട്ട മാതാപിതാക്കൾക്കായി ശവകുടീരം ഒരുക്കിയത്. ഇരുവരെയും ഒരു ശവകുടീരത്തിലാണ് അടക്കം ചെയ്തത്. ഇരുവരുടെയും മരണാനന്തര ചടങ്ങുകളിലും ശവസംസ്കാര ഘോഷയാത്രയിലും പങ്കെടുക്കാൻ നിരവധിയാളുകളാണ് എത്തിയത്. കൂടാതെ ഇരുവരുടെയും മരണവാർത്ത സോഷ്യൽ മീഡിയയിലൂടെയും മറ്റും വ്യാപകമായി പ്രചരിച്ചതോടെ ലോകമെമ്പാടുമുള്ള നിരവധിയാളുകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇരുവർക്കും ആദരാഞ്ജലി അർപ്പിച്ചത്. മരണത്തിലും ചേർന്നു നിൽക്കാൻ സാധിച്ച ദമ്പതികൾ ഭാഗ്യമുള്ളവരാണ് എന്നായിരുന്നു നെറ്റിസൺസിന്റെ സംഭവത്തോടുള്ള പൊതു പ്രതികരണം.