ഡ്രോണാണ് പുതിയ കാലത്തെ താരം. റഷ്യന്‍ – യുക്രൈന്‍ യുദ്ധത്തിലായാലും ആമസോണ്‍ കാടുകളില്‍ അകപ്പെട്ടവരെ നിരീക്ഷിക്കാനായാലും എന്തിന് ഒരു വിവാഹത്തിന് വരെ ഇന്ന് ഡ്രോണ്‍ വേണം. എന്നാല്‍ നക്ഷത്രങ്ങളില്ലാത്ത ആകാശത്ത് കനത്ത ഇരുട്ടില്‍ ഭീമാകാരമായ ഒരു ഡ്രാഗണെ പെട്ടെന്ന് കണ്ടാല്‍? അതെ, ഡ്രോണ്‍ ഉപയോഗിച്ച് ആകാശത്ത് മായാജാല കാഴ്ചകള്‍ തീര്‍ക്കുകയാണ് ചൈന. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വൈറല്‍ വീഡിയോ ഡ്രോണ്‍ ഉപയോഗിച്ച് ആകാശത്ത് പറന്ന് നടക്കുന്ന ഒരു ഡ്രാഗണിന്‍റെ അതിമനോഹരമായ കാഴ്ചയായിരുന്നു. അഞ്ചാം ചാന്ദ്രമാസത്തിലെ അഞ്ചാം ദിവസമാണ് പരമ്പരാഗതമായി ഡ്രാഗണ്‍ ബോട്ട് ഉത്സവം നടക്കുക. ചൈനയിലെ ഒരു പ്രധാന സാംസ്കാരിക പരിപാടികൂടിയാണിത്. സാധാരണയായി ജൂൺ അല്ലെങ്കിൽ ജൂലൈ മാസങ്ങളിലാണ് ഉത്സവം നടക്കുക. ഈ വർഷം ജൂൺ 22 നായിരുന്നു ഡ്രാഗണ്‍ ബോട്ട് ഉത്സവം.
meme.ig എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘ഒടുവില്‍, വളരെ രസകരമായി അവസാനിപ്പിച്ച രീതി എനിക്ക് വളരെ ഇഷ്ടമാ’യെന്ന് കുറിച്ചുകൊണ്ടായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ചൈനയിലെ പ്രശസ്തമായ ഡ്രാഗണ്‍ ബോട്ട് ഉത്സവത്തോട് അനുബന്ധിച്ച് നടന്ന അവിശ്വസനീയമായ ഡ്രോണ്‍ കാഴ്ച കാണാം എന്ന ആദ്യ കാര്‍ഡ് നീക്കിക്കഴിഞ്ഞാലാണ് വീഡിയോ കാണാന്‍ കഴിയുക. രാത്രിയില്‍ ദീപാലങ്കൃതമായ ഒരു നഗരത്തിന് മുകളില്‍ പെട്ടെന്ന് ഉയര്‍ന്ന് പറക്കുന്ന ഒരു ഭീമാകാരമായ ഡ്രാഗണ്‍ പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ അതിവേഗത്തിലും മറ്റ് ചിലപ്പോള്‍ സ്ലോമോഷനിലും പ്രധാനമായും ചുവപ്പും മഞ്ഞയും നിറങ്ങളുള്ള ആ വലിയ ഡ്രാഗണ്‍ ചലിക്കുന്നു.
വീഡിയോ വെര്‍ട്ടിക്കല്‍ രീതിയിലേക്ക് മാറുമ്പോള്‍ അതുവരെ ആകാശത്ത് യഥേഷ്ടം പറന്ന് നടന്ന ഡ്രാഗണ്‍ പെട്ടെന്ന് പല വെളിച്ചങ്ങളായി ഒന്നിച്ച് ചേരുകയും പിന്നീട് പല തട്ടുകളായി തിരിയുകയും ചെയ്യുന്നു. പിന്നാലെ ഒരോ തട്ടുകള്‍ വീതം വിശാലമായ ഒരു ഫുട്ബോള്‍ ഗ്രൗണ്ടിലേക്ക് പറന്നിറങ്ങുന്നു. ഡ്രാഗണിന്‍റെ ചലനങ്ങളില്‍ അത്രയും സൂക്ഷ്മത പാലിച്ച ഡ്രോണ്‍ ഓപ്പറേറ്റര്‍മാരെ കാഴ്ചക്കാര്‍ അഭിനന്ദിച്ചു. “സാങ്കേതികവിദ്യയിൽ ചൈന തീർച്ചയായും നമ്മേക്കാൾ മുന്നിലാണ്.” ഒരു കാഴ്ചക്കാരന്‍ കുറിച്ചു. “നമുക്ക് ഇതിനെ ഒരു തദ്ദേശീയ ജനതയ്ക്ക് മുകളിലൂടെ പറത്തി അവരെ പരിഭ്രാന്തരാക്കണം.” വേറൊരാള്‍ തമാശ പറഞ്ഞു. ‘ഇത് അന്യഗ്രഹജീവിയല്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പാണോ?’ എന്നായിരുന്നു വേറൊരാളുടെ സംശയം. വീഡിയോ ഇതിനകം ഏതാണ്ട് നാലപ്പതിനായിരത്തോളം പേര്‍ കണ്ടുകഴിഞ്ഞു.