തിരുവനന്തപുരം: മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഇന്ന് സംസ്ഥാന വ്യാപകമായി കെപിസിസി കരിദിനം ആചരിക്കും. ബൂത്ത് തലം മുതൽ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികൾ നടക്കും. വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടക്കും. വിഷയത്തിൽ നേതാക്കളുടെ പ്രതികരണങ്ങളും ഇന്നുണ്ടാവും.
പ്രതിഷേധ പ്രകടനങ്ങളിൽ പ്രവർത്തകർ സംയമനം പാലിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. കെ സുധാകരന്‍റെ അറസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും വിമർശിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. പാറ്റ്നയില്‍ പ്രതിപക്ഷ സഖ്യ ചർച്ചയുണ്ടായ ദിവസം തന്നെ കെപിസിസി പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്തത് ബി ജെ പിയെ സുഖിപ്പിക്കാനെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രതികാര രാഷ്ട്രീയം സിപിഎമ്മിനെ നാശത്തിലേക്ക് നയിക്കുമെന്നും വേണുഗോപാല്‍ പ്രതികരിച്ചു.
ദേശീയ തലത്തില്‍ പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കുമ്പോൾ മുണ്ടുടുത്ത മോദിയെന്ന് തെളിയിക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശും കുറ്റപ്പെടുത്തി. സിപിഎമ്മിന്‍റെ തെറ്റായ നടപടികള്‍ക്ക് ജനഹിതത്തിലൂടെയും നീതിന്യായ വ്യവസ്ഥയിലൂടെയും മറുപടി നല്‍കുമെന്നും എഐസിസിയും ട്വീറ്റ് ചെയ്തു. ഇന്നലെ രാത്രി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചിരുന്നു.