ഈരാറ്റുപേട്ട∙ യുവാവിനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ മധ്യവയസ്കൻ പൊലീസിന്റെ പിടിയിൽ. തലനാട് ഞണ്ടുകല്ല് ഭാഗത്ത് മുതുകാട്ടിൽ വീട്ടിൽ ആട് ജോസ് എന്ന് വിളിക്കുന്ന ജോസ് സെബാസ്റ്റ്യൻ (51) എന്നയാളാണ് ഈരാറ്റുപേട്ട പൊലീസിന്റെ പിടിയിലായത്. ഇയാള്‍ തന്റെ സഹോദരി പുത്രനായ ലിജോ ജോസിനെ (31) ആണ് കുത്തിക്കൊലപ്പെടുത്തിയത്. ഈരാറ്റുപേട്ട തലപ്പലം കളത്തുകടവ്-വെട്ടിപ്പറമ്പ് റോഡ് ഭാഗത്തു വച്ചാണ് ഇയാള്‍ ലിജോ ജോസിനെ കുത്തിയത്.
ഗുരുതരമായി പരുക്കേറ്റ ലിജോയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്തുന്നതു തടയാൻ ശ്രമിച്ച തന്റെ മകനെയും ഇയാൾ ആക്രമിച്ചു. ആലപ്പുഴ ജില്ലയിലെ മുക്കുപണ്ടം കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ജോസ് മൂന്നു ദിവസം മുൻപാണ് പുറത്തിറങ്ങിയത്. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.
ജോസ് സെബാസ്റ്റ്യനും, ലിജോ ജോസും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണ്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജോസിനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.