മാന്നാർ: ആലപ്പുഴയിൽ കോഴിക്കടയിൽ ഇറച്ചിക്കോഴികളെ കൊടുത്തതിന്‍റെ പണം കൊടുക്കാൻ താമസിച്ചതിന് കോഴിക്കട ഉടമയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് 15 വർഷം തടവ്. മാന്നാർ കുരട്ടിക്കാട് കുറ്റിയിൽ മുക്കിനു സമീപം പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ചിക്കൻ സെന്റർ ഉടമ മാന്നാർ കുരട്ടിശ്ശേരി ഫാത്തിമ മൻസിലിൽ മുഹമ്മദ് ഖനിയുടെ മകൻ വസീം അഫ്സൽ( 23)നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നടപടി.രണ്ട്പ പ്രതികൾക്ക് 15വർഷം തടവും 35000/-രൂപ പിഴയുമാണ് ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി വീണ വി.എസ്. വിധിച്ചത്.
വസീമിനെ ബൊലേറോ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി മാവേലിക്കര തെക്കേക്കര വില്ലേജിൽ തടത്തിലാൻ കൃഷ്ണ നിവാസിൽ രാധാകൃഷ്ണൻ (58) തെക്കേക്കര വില്ലേജ് കുറത്തിക്കാട് പള്ളികിഴക്ക് സുഭാഷ് ഭവനിൽ സുഭാഷ് കുമാർ (40) എന്നിവരാണ് പ്രതികള്‍. 2018 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് എംബിഎ വിദ്യാർത്ഥിയായിരുന്ന വസീം അഫ്സലിന്റെ പിതാവ് മുഹമ്മദ് ഖനി നടത്തിവന്ന ചിക്കൻ സെന്ററിൽ മുന്നിലെ തെങ്ങിനോട് ചേർത്ത് വെച്ച് പ്രതികൾ ബൊലേറോ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
പിക്കപ്പ് വാനിന്റെ ഇടി കൊണ്ട് വസീം അഫ്സലിന്റെ വലതുകാൽ അസ്ഥിയടക്കം പൂർണമായി ഒടിഞ്ഞുപോയി. ആശുപത്രികളിൽ വിദഗ്ധ ചികിത്സകൾക്ക് ഒടുവിൽ വലതുകാൽ പൂർണമായും മുറിച്ചുമാറ്റി വെപ്പ്കാൽ വെച്ച് പിടിപ്പിച്ചിരുക്കുകയാണ്. മാന്നാർ കുറ്റിയിൽ മുക്കിന് സമീപം കോഴിയിറച്ചി വില്പന നടത്തിയിരുന്ന മുഹമ്മദ് ഖനിയും മകനും തമിഴ്‌നാട് സ്വദേശികളാണ്. 20 വർഷത്തിലധികമായി കേരളത്തിൽ എത്തി മാന്നാറിൽ കോഴിയിറച്ചി കട നടത്തിയിരുന്ന മുഹമ്മദ് ഖനിയും ഒന്നാംപ്രതി രാധാകൃഷ്ണനുമായി പണം ഇടപാടുകൾ ഉണ്ടായിരുന്നു.
ചിക്കൻ സെന്ററിൽ ഇറച്ചി കോഴികളെ കൊടുക്കുന്ന വകയിൽ രാധാകൃഷ്ണന് ലഭിക്കാനുള്ള പണം ആവശ്യപ്പെട്ടാണ് സംഭവദിവസം പ്രതികൾ രാധാകൃഷ്ണനും സുഭാഷും ചിക്കൻ സെന്ററിൽ എത്തിയത്. ഒന്നാം പ്രതി രാധാകൃഷ്ണൻ ഇറച്ചിക്കോഴിയുടെ പണം ആവശ്യപ്പെട്ട് കടയിൽ ബഹളം ഉണ്ടാക്കിയിരുന്നു. ആ സമയം ചിക്കൻ കട ഉടമ വസീം അഫ്സലിന്റെ പിതാവായ മുഹമ്മദ് ഖനി തമിഴ്‌നാട്ടിൽ ആയിരുന്നു. കടയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന മുരുകേശൻ ആ സമയം കടയിൽ എത്തിയിരുന്നില്ല.
മുരുകേശൻ വന്നാൽ ഉടനെ രാധാകൃഷ്ണന്റെ പണം മുഴുവൻ നൽകാമെന്നും അതുവരെ കാത്തിരിക്കണം എന്നും അന്ന് കടയുടെ ചുമതല ഉണ്ടായിരുന്ന വസീം അഫ്സൽ പ്രതികളോട് പറഞ്ഞതിൽ പ്രകോപിതനായ രാധാകൃഷ്ണൻ സുഭാഷിനോട് കൈകൊണ്ട് ആംഗ്യം കാണിച്ച് നിർദ്ദേശം കൊടുത്തത് പ്രകാരം ചിക്കൻ സെന്ററിന്റെ മുൻവശത്തുണ്ടായിരുന്ന തെങ്ങിൻ ചുവട്ടിൽ നിന്ന് തമിഴ്‌നാട്ടിലുള്ള പിതാവുമായി ഫോണിൽ സംസാരിച്ചു നിന്ന വസീം അഫ്സലിനെ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെ വിസ്തരിച്ചു. മുപ്പതോളം രേഖകൾ ഹാജരാക്കി.
ചിക്കൻ സെന്ററിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്ന കൊലപാതക ശ്രമത്തിന്റെ ദൃശ്യങ്ങൾ കേസിൽ പ്രതികളുടെ പങ്ക് തെളിയിക്കുന്നതിനു നിർണായക തെളിവുകളായി. പ്രോസിക്യൂട്ടറുടെ പ്രത്യേക അപേക്ഷപ്രകാരം വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം വസീമിന് മതിയായ നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് വിധിയിൽ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.