ദില്ലി : സർവകക്ഷി യോഗത്തിന് ശേഷവും സംഘർഷമൊഴിയാതെ മണിപ്പൂർ. പന്ത്രണ്ട് തീവ്രവാദികളെ പിടികൂടിയ സൈനിക സംഘത്തെ നാട്ടുകാർ തടഞ്ഞു.1200 ഓളം വരുന്ന സ്ത്രീകളടക്കമുള്ള ഗ്രാമീണരാണ് സൈനികരെ തടഞ്ഞത്. പുറത്ത് കടക്കാനാകാത്ത രീതിയിൽ വളഞ്ഞതോടെ 12 പേരെയും സൈന്യത്തിന് ഗ്രാമത്തലവന് വിട്ടുകൊടുക്കേണ്ടി വന്നു. സ്ത്രീകളടക്കമുള്ള ജനക്കൂട്ടമാണ് സൈന്യത്തെ വളഞ്ഞതെന്നാണ് സൈന്യം പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാകുന്നത്. ഇൻഫാൽ ഈസ്റ്റിലെ കെവൈകെഎൽ എന്ന വിഘടനവാദി ഗ്രൂപ്പിൽപ്പെട്ട തീവ്രവാദികളെയാണ് സൈന്യം പിടികൂടിയത്. സൈന്യത്തിനെതിരെ മുമ്പ് നടത്തിയ ആക്രമണം ആസുത്രണം ചെയ്ത നേതാവ് അടക്കമുള്ളവരുടെ സംഘത്തെയായിരുന്നു സൈന്യം പിടിച്ചത്. ആയുധ ശേഖരവും പിടിച്ചെടുത്തിരുന്നു. എന്നാൽ വലിയ സംഘം ജനങ്ങൾ തടഞ്ഞതോടെയാണ് 2 പേരെയും സൈന്യത്തിന് ഗ്രാമത്തലവന് വിട്ടുകൊടുക്കേണ്ടി വന്നത്.
മണിപ്പൂരില്‍ മെയ് മാസത്തിന്റെ തുടക്കത്തിൽ ആരംഭിച്ച കലാപം ഇനിയും അവസാനിച്ചിട്ടില്ല. നൂറിലധികം പേര്‍ കൊല്ലപ്പെടുകയും അക്രമത്തില്‍ വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. മണിപ്പൂരിലെ കലാപ സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജിയാണ് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടത്. ബിരേൻ സിംഗ് രാജി വെച്ചാൽ മാത്രമേ ഫലപ്രദമായ ചർച്ചകൾ നടക്കുവെന്നും സംഘർഷം ഒഴിവാക്കാൻ ഇത് കൂടിയേ തീരുവെന്നുമുള്ള നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ. പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ സംസാരിക്കണമെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കോൺഗ്രസ് ആവശ്യപ്പെട്ടു.
മണിപ്പൂരിന്റെ വേദന രാജ്യത്തിന്റെ വേദനയാണ്. ഈ നിർണായക സമയത്ത് പ്രധാനമന്ത്രി വിദേശ പര്യടനത്തിലാണ്. വിഷയത്തിൽ ഒരക്ഷരം പോലും പ്രതികരിച്ചിട്ടില്ല. ബീരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനത്ത് ഉള്ളിടത്തോളം സംസ്ഥാനത്ത് സമാധാനം ഉണ്ടാകില്ല. പ്രധാനമന്ത്രി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ സർക്കാർ സംസ്ഥാനത്തെ നിലവിലെ സാഹചര്യം വിശദീകരിച്ചു. കലാപം നേരിടാൻ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളും യോഗത്തില്‍ വ്യക്തമാക്കി.