പലതരത്തിലും ആളുകൾ പ്രശസ്തരാകാറുണ്ട് അല്ലേ? എന്നാൽ, ഏറ്റവും വൃത്തികെട്ട കാർ സ്വന്തമായതിന് പ്രശസ്തരായ ആളുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെ ഒരാളുണ്ട്. എസ്സെക്സിൽ നിന്നുള്ള 60 -കാരിയായ സാബ് എസ്റ്റേറ്റ് ഉടമ ലിൻഡി വിൻഷിപ്പാണ് അത്. മാനിംഗ് ട്രീയിലെ ഒരു ഫാമിൽ താമസിക്കുന്ന ലിൻഡിക്കും ഭർത്താവിനും ഇങ്ങനെ കിട്ടിയ പ്രശസ്തിയിൽ പ്രശ്നമൊന്നും ഇല്ല.
ഒരു തരത്തിലും ഒരാൾക്കും കാലെടുത്ത് വയ്ക്കാൻ പോലും സാധിക്കാത്ത അത്രയും വൃത്തികെട്ട അവസ്ഥയിലാണ് അവളുടെ കാർ ഉള്ളത്. കാറിന്റെ പിൻഭാഗം കണ്ടാൽ മാലിന്യം കൊണ്ടുതള്ളുന്ന ഒരു പ്രദേശമാണ് എന്നേ ആർക്കും തോന്നൂ. പകുതി കഴിച്ച സ്നാക്ക്, സോഫ്റ്റ് ഡ്രങ്കുകളുടെയും മറ്റും ഒഴിഞ്ഞ കുപ്പികൾ തുടങ്ങി മാലിന്യം കൊണ്ടുള്ള ഒരു കുന്ന് തന്നെ കാറിനകത്തുണ്ട്.
തന്റെ കാറിന് ലിൻഡി ഒരു പേരും നൽകിയിട്ടുണ്ട്. എന്താണ് എന്നല്ലേ? ‘ദ ഗ്രേവ്‍യാർഡ്’. എടിഎസ് യൂറോമാസ്റ്റർ ആതിഥേയത്വം വഹിക്കുന്ന ദേശീയതലത്തിലുള്ള മത്സരത്തിലും കാറും കൊണ്ട് പങ്കെടുക്കാൻ ലിൻഡിയും ഭർത്താവും തീരുമാനിച്ചു. അങ്ങനെയാണ് യുകെ -യിലെ ഏറ്റവും വൃത്തികെട്ട കാർ എന്ന അംഗീകാരം ഇവരുടെ കാർ നേടുന്നത്. ഏതായാലും ലിൻഡിയെയും ഭർത്താവിനെയും സംബന്ധിച്ച് അത് അപ്രതീക്ഷിതമായ ഒരു സംഗതിയൊന്നും ആയിരുന്നില്ല. തങ്ങളുടെ കാറിന് അങ്ങനെയൊരു ടൈറ്റിലിന് അർഹതയുണ്ട് എന്ന് എപ്പോഴും ലിൻഡിയും ഭർത്താവും കരുതിയിരുന്നു.
എന്നാലും, എങ്ങനെയാവും യുകെയിലെ ഏറ്റവും വൃത്തികെട്ട കാർ എന്ന അംഗീകാരം ലിൻഡിയും ഭർത്താവും തങ്ങളുടെ കാറിന് നേടിയിട്ടുണ്ടാവുക എന്നാണോ ചിന്തിക്കുന്നത്? തങ്ങൾക്ക് വേണ്ടാത്ത, മാലിന്യമായ സകലതും ഇരുവരും തങ്ങളുടെ കാറിലാണ് കൊണ്ടിട്ടിരുന്നത്. പിന്നെങ്ങനെ ഇങ്ങനെ ഒരു അവാർഡ് നേടാതിരിക്കും?