ഇടുക്കി : താന്‍ അനുവദിച്ച പട്ടയങ്ങള്‍ റദ്ദാക്കാനുള്ള നീക്കത്തിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുന്‍ അഡീഷണല്‍ തഹസില്‍ദാര്‍ എം ഐ രവീന്ദ്രന്‍. റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിന് പിന്നില്‍ മുന്‍മന്ത്രി എം എം മണിയെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കമാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത സമയത്താണ് ഇത്രയും ഗുരുതരമായ ഒരു ജനകീയ പ്രശ്നത്തിന് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി തിരിച്ചുവന്നാല്‍ എന്തായാലും ആ ഉത്തരവിനൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ സിപിഐഎമ്മിന്റെ ഓഫീസിനേയും എം എം മണിയേയുമാണ് ഉത്തരവ് ലക്ഷ്യം വെക്കുന്നത്. പട്ടയങ്ങള്‍ റദ്ദാക്കിയാല്‍ സര്‍ക്കാര്‍ വലിയ നിയമക്കുരുക്കിലേക്ക് പോകുമെന്നും പട്ടയങ്ങള്‍ ഒരു കാരണവശാലും റദ്ദാക്കരുതെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
വിവാദ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനായി ഇവ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഇടുക്കി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു രവീന്ദ്രന്റെ പ്രതികരണം. 45 ദിവസങ്ങള്‍ക്കുള്ളില്‍ പട്ടയങ്ങള്‍ പരിശോധിച്ച് നിയമാനുസൃതമായി റദ്ദ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 1999ല്‍ ദേവികുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന രവീന്ദ്രന്‍ ഇടുക്കിയില്‍ മൂന്നാര്‍ മേഖലയില്‍ നല്‍കിയ പട്ടയങ്ങളാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്നറിയപ്പെടുന്നത്. മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങളെ സാധൂരിക്കുന്ന രീതിയിലാണ് ഈ പട്ടയങ്ങള്‍ വിതരണം ചെയ്തത്.