കൊച്ചി : നടന്‍ ദിലീപ് പ്രതിയായ ക്വട്ടേഷന് പീഡനക്കേസിലെ തുടർ അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ പുതിയ ഹർജി നൽകിയിട്ടുണ്ട്. ഇത് ജനുവരി 25 ന് പരിഗണിക്കും. അതേ സമയം നാല് പുതിയ സാക്ഷികളെ ഈ മാസം 22 ന് വിസ്തരിക്കാൻ വിചാരണ കോടതി അനുമതി നൽകി. അന്വേഷണ ഉദ്യോസ്ഥന്റെ കൈവശമുള്ള പീഡന ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്നും നേരത്തെ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റൽ തെളിവുകളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്.
എന്നാൽ അന്വേഷണ ഉദ്യോസ്ഥന്റെ കൈവശമുള്ള പീഡന ദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ. ദൃശ്യങ്ങളിൽ കൃത്രിമം നടത്താൻ ഇടയുണ്ടെന്ന ദിലീപിന്റെ വാദം നിലനിൽക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പാവശ്യപ്പെട്ട ഹർജിക്ക് ഒപ്പം ദിലീപിന്റെ ഈ ഹർജിയും 25 ലേക്ക് മാറ്റി. അതേ സമയം തുടരന്വേഷണത്തിന്‍റെ ഭാഗമായി പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി വിചാരണകോടതിയിൽ അന്വേഷണ സംഘം ഹര്‍ജി ഉത്തരവിനായി മാറ്റി. തന്നെ ചോദ്യം ചെയ്യുന്നത് അഭിഭാഷകന്‍റെ സാന്നിദ്ധ്യത്തില്‍ വേണം എന്നാണ് സുനില്‍ കോടതിയോട് അഭ്യർഥിച്ചിട്ടുള്ളത്.