തൃശൂര്‍: മക്കളുടെ കണ്‍മുന്നില്‍വച്ച് അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപരന്ത്യം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വടക്കേക്കര ആലംതുരുത്ത് സ്വദേശി പുതുമന ഷൈന്‍ഷാദി (ഷൈമി 39) നെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എന്‍ വിനോദ് കുമാര്‍ ശിക്ഷിച്ചത്.
പിഴ അടയ്ക്കാത്തപക്ഷം ഒരു വര്‍ഷം കൂടി അധിക തടവിനും കോടതി വിധിച്ചു. ഷൈന്‍ഷാദിന്റെ ഭാര്യ റഹ്മത്താണ് കൊല ചെയ്യപ്പെട്ടത്. റഹ്മത്തിന്റെ കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. 2020 സെപ്റ്റംബര്‍ 24 -നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഭാര്യയ്ക്ക് പരപുരുഷന്മാരുമായി ബന്ധമുണ്ടോ എന്ന സംശയമാണ് കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചത്. പ്രതിയുടെ മകനെ ലൈംഗിക അതിക്രമം നടത്തുന്നത് തടഞ്ഞതും അക്കാര്യം പുറത്തുപറഞ്ഞതിലുള്ള വൈരാഗ്യവും കൊലയ്ക്ക് കാരണമായി. പ്രതിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന പുത്തന്‍ചിറ പിണ്ടാണിയിലുള്ള വീടിന്റെ ഹാളിനുള്ളില്‍ വച്ചാണ് കൊല ചെയ്തത്. റഹ്മത്തിനെ പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ കണ്‍ മുന്നില്‍വച്ച് ബെഡ്‌റൂമിലേക്ക് വലിച്ചുകൊണ്ടുപോയി കഴുത്തില്‍ ബലമായി പിടിച്ച് ഞെരിച്ചമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു.
മാള പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. വി. സജിന്‍ ശശിയുടെ നേത്യത്വത്തില്‍ ആയിരുന്നു അന്വേഷണം. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷാ ജോബി, മുസഫര്‍ അഹമ്മദ് എന്നിവര്‍ ഹാജരായി.