കൊച്ചി : റിക്രൂട്മെന്റ് വിഷയങ്ങളിൽ പരമാധികാര ഭരണഘടനാ സ്ഥാപനമായതിനാൽ പബ്ലിക് സർവീസ് കമ്മിഷനു (പിഎസ്‌സി) നിർദേശങ്ങൾ നൽകാൻ ഭിന്നശേഷി കമ്മിഷണർ പോലുള്ളവർക്ക് അധികാരമില്ലെന്നു പിഎസ്‌സി. ഭിന്നശേഷിക്കാരടക്കമുള്ള ഉദ്യോഗാർഥികൾ നൽകുന്ന പരാതി ഭിന്നശേഷി കമ്മിഷണറുടെ അധികാരപരിധിയിൽ പെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി പിഎസ്‌സി കത്തയച്ചു. എന്നാൽ, പിഎസ്‌സിയുടെ നീക്കം ഇതു സംബന്ധിച്ച 2016 ലെ കേന്ദ്രനിയമത്തിനു വിരുദ്ധമാണെന്നു നിയമവിദഗ്ധർ പറയുന്നു.
റിക്രൂട്മെന്റ് സംബന്ധിച്ച പരാതികളിൽ കൈക്കൊണ്ട നടപടികൾ ഭിന്നശേഷി കമ്മിഷണറേറ്റിനെ അറിയിക്കാൻ പിഎസ്‌സിക്ക് ബാധ്യത ഇല്ലെന്നും അത്തരം കാര്യങ്ങൾ ഭരണഘടനാദത്തമായ അധികാരം അനുസരിച്ചു പരിശോധിക്കുമെന്നും കാണിച്ചു പിഎസ്‌സി സെക്രട്ടറി സാജു ജോർജാണ് ഈ മാസം 9നു ഭിന്നശേഷി കമ്മിഷണർക്ക് എഴുതിയത്. ഉദ്യോഗാർഥിയായ എസ്.ആർ.രാഖി സമർപ്പിച്ച അപേക്ഷയിന്മേൽ ഭിന്നശേഷി കമ്മിഷണറുടെ ഹിയറിങ് അറിയിപ്പിനുള്ള മറുപടിയിലാണ് ഈ നടപടി.
2016 ൽ പ്രാബല്യത്തിൽ വന്ന ഭിന്നശേഷി അവകാശ നിയമത്തിലെ 3 മുതൽ 48 വരെയുള്ള വകുപ്പുകളിൽ പ്രതിപാദിച്ച അവകാശങ്ങൾ വ്യക്തികളോ സർക്കാർ ഉൾപ്പെടെ സ്ഥാപനങ്ങളോ ലംഘിച്ചാൽ 89 മുതൽ 93 വരെ വകുപ്പു പ്രകാരം കുറ്റകൃത്യമായി കണക്കാക്കാം. അതിനെതിരെ കുറ്റവിചാരണ ഉൾപ്പെടെ നടപടികൾ സ്വീകരിക്കാൻ ഭിന്നശേഷി ചീഫ് കമ്മിഷണർക്കും കേന്ദ്ര കമ്മിഷണർമാർക്കും സംസ്ഥാന കമ്മിഷണർക്കും അധികാരമുണ്ട്. ഈ നിയമത്തിൽ നിന്നു പിഎസ്‌സിയെ ഒഴിവാക്കിയിട്ടില്ലെന്നും വിദഗ്ധർ പറയുന്നു.