റാണിപ്പേട്ട്: വിവാഹവാർഷികദിനത്തിൽ യുവ ദമ്പതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് റാണിപ്പെട്ടിൽ ബൈക്കിൽ ബസിടിച്ചുളള വാഹനാപകടത്തിൽ ആണ് ഈശ്വരൻ -സംഗീത ദമ്പതികൾ മരിച്ചത്. ഇവരുടെ ഒരു വയസ്സുള്ള മകൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സഞ്ചരിച്ച ബൈക്ക്, സ്വകാര്യ ബസ് ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. അരുമ്പാക്കം സ്വദേശികളാണ് മരിച്ച ഈശ്വര (35)നും, സംഗീത (28)യും. ഇവർക്ക് മൂന്ന് വയസുള്ള മകൻ കൂടിയുണ്ട്.
ചെന്നൈയിലെ സ്വകാര്യ കാർ നിർമാണ യൂണിറ്റിലെ ജോലിക്കാരനായിരുന്നു ഈശ്വരൻ. വിവാഹ വാർഷികത്തോടനുബന്ധിച്ച് എത്തിയതായിരുന്നു. ദർശനത്തിനായി ആർക്കോട് മേഖലയിലെ പച്ച അമ്മൻ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു മൂവരും. ആർക്കോട് ബസ് സ്റ്റേഷനിൽ നിന്ന് സെയ്യാർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഈശ്വരനും സംഗീതയും സംഭവസ്ഥലത്തുതന്നെ മരിച്ചു. മകൻ ദശ്വന്ത് നിസാര പരിക്കുകളോടെയും രക്ഷപ്പെടുകയായിരുന്നു. ദശ്വന്തിനെ ഉടൻ തന്നെ ആർക്കോട് സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
അതിനിടെ, അപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ട ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട്, മരിച്ച ദമ്പതികളുടെ ബന്ധുക്കൾ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് തടയരുതെന്ന് ആവശ്യപ്പെട്ട അസിസ്റ്റന്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (എഡിഎസ്പി) വിശ്വേശരയ്യ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) പ്രഭു എന്നിവർ എത്തി ആവശ്യപ്പെട്ടതിന് ശേഷമാണ് കുടുംബം വഴിയിൽ നിന്ന് മാറാൻ തയ്യാറായത്. അതേസമയം, അപകടത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.