രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം.
പൊതുവേ പ്രമേഹരോഗികള്‍ ജ്യൂസുകളായി കുടിക്കാതെ പഴങ്ങളും പച്ചക്കറികളും സാലഡുകളായി കഴിക്കുന്നതാണ് നല്ലത്. പഴങ്ങള്‍ പ്രത്യേകിച്ച് ജ്യൂസായി തയ്യാറാക്കുമ്പോള്‍ പഞ്ചസാര പലരും ചേര്‍ക്കാറുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയര്‍ത്താം. എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യത്തോടെ കുടിക്കാവുന്ന ചില ജ്യൂസുകളുണ്ട്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം…
ഒന്ന്…
ചീര ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റിഓക്സിഡന്റുകള്‍, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ചീര ജ്യൂസ് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
രണ്ട്…
പാവയ്ക്ക ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരാതെ നിര്‍ത്താന്‍ പാവയ്ക്ക ജ്യൂസ് പ്രമേഹ രോഗികള്‍ക്ക് കുടിക്കാം.
മൂന്ന്…
തക്കാളി ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയുടെ ഗ്ലൈസെമിക് ഇൻഡക്സ് 30 ആണ്. അതുകൊണ്ട് തന്നെ തക്കാളിജ്യൂസ് പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച പാനീയമാണ്.
നാല്…
ബീറ്റ്റൂട്ട് ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. കലോറി കുറവായതു കൊണ്ടുതന്നെ ഇവ പ്രമേഹരോഗികള്‍ക്ക് കുടിക്കാവുന്ന ഒന്നാണ്.
ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.