ഭോപ്പാൽ∙ പ്ടനയിൽ ചേർന്ന വിശാല പ്രതിപക്ഷയോഗത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭോപ്പാലിൽ ബിജെപി ബൂത്ത് പ്രവർത്തകരുമായി സംസാരിക്കവേയാണു പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചത്. ‘‘ഈ അടുത്തകാലത്ത് ‘ഗ്യാരന്റി’ എന്ന വാക്ക് പ്രചാരത്തിലായിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ഗ്യാരന്റി എന്നാൽ അഴിമതിയാണെന്ന് ജനങ്ങളോട് പറയേണ്ടത് ബിജെപി പ്രവർത്തകരുടെ ഉത്തരവാദിത്തമാണ്. ലക്ഷംകോടി രൂപയുടെ അഴിമതിക്കുള്ള ഉറപ്പാണത്’’– പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു. ‘‘ദിവസങ്ങൾക്ക് മുമ്പ് പ്രതിപക്ഷം ഫോട്ടോയ്ക്കുവേണ്ടിയൊരു പരിപാടി നടത്തി. 20 ലക്ഷം കോടി രൂപയ്ക്കുള്ള അഴിമതിയുടെ ഉറപ്പാണതെന്ന് യോഗത്തിന്റെ ഫോട്ടോ കാണുമ്പോൾ മനസിലാകും. ലക്ഷംകോടി രൂപയുടെ അഴിമതിയാണ് കോൺഗ്രസ് മാത്രം നടത്തിയത്. പ്രതിപക്ഷം അഴിമതിയുടെ ഉറപ്പുനൽകുകയാണെങ്കിൽ, എനിക്കും നിങ്ങൾക്ക് ഒരു ഉറപ്പ് തരാനുണ്ട്. അഴിമതിക്കാരായ ഒരാളെ പോലും വെറുതെ വിടില്ല. പട്നയിൽ നടന്ന യോഗത്തിൽ എല്ലാ അഴിമതിക്കാരും കൈകോർത്തു. പരസ്പരം രക്ഷപ്പെടുത്താനാണ് അഴിമതിക്കാരായ നേതാക്കൾ ശ്രമിക്കുന്നത്’’– പ്രധാനമന്ത്രി കുറ്റപ്പെടുത്തി.