മോസ്കോ: റഷ്യയെ വിറപ്പിച്ച വാഗ്നർ കൂലിപ്പട്ടാളത്തിെന്റ തലവൻ യെവ്ജനി പ്രിഗോഷിൻ ബെലറൂസിലെത്തി. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രിഗോഷിനുമായി ബന്ധമുള്ള വിമാനം ചൊവ്വാഴ്ച ബെലറൂസ് തലസ്ഥാനമായ മിൻസ്കിൽ ഇറങ്ങിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞയാഴ്ച നടന്ന അട്ടിമറി ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ബെലറൂസിലേക്ക് പോകാമെന്ന് പ്രിഗോഷിൻ സമ്മതിച്ചിരുന്നു.
ഉപേക്ഷിക്കപ്പെട്ട ഒരു സൈനിക താവളം വാഗ്നർ കൂലിപ്പട്ടാളത്തിന് വാഗ്ദാനം ചെയ്തതായും അവരിൽനിന്ന് യുദ്ധാനുഭവങ്ങൾ കേൾക്കാൻ താൽപര്യമുണ്ടെന്നും ലുകാഷെങ്കോ പറഞ്ഞു. ബെലറൂസിൽ വാഗ്നർ റിക്രൂട്ട്മെന്റ് സെന്റർ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിനിടെ, വാഗ്നർ കൂലിപ്പട്ടാളത്തെ ബെലറൂസ് സേനയിൽ ചേർക്കുന്നതിനെക്കുറിച്ച് പ്രതിരോധ മന്ത്രി വിക്ടർ ഖ്രെന്നിക്കോവ് പ്രസിഡന്റുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് യെവ്ജനി പ്രിഗോഷിനുമായി ചർച്ച നടത്താൻ പ്രസിഡന്റ് പ്രതിരോധ മന്ത്രിയെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം, അട്ടിമറി ശ്രമം നടത്തിയതിന് വാഗ്നർ അംഗങ്ങൾക്കെതിരെ ചുമത്തിയ ക്രിമിനൽ കേസുകൾ റഷ്യ റദ്ദാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാഗ്നർ കൂലിപ്പട്ടാളത്തിന്റെ പക്കലുള്ള വൻ ആയുധങ്ങൾ സൈന്യത്തിന് കൈമാറുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൂലിപ്പടയാളികൾക്ക് റഷ്യൻ സൈന്യത്തിൽ ചേരുകയോ കുടുംബങ്ങളിലേക്ക് മടങ്ങുകയോ ബെലറൂസിലേക്ക് പോവുകയോ ചെയ്യാമെന്ന വാഗ്ദാനവും മുന്നോട്ടുവെച്ചിട്ടുണ്ട്.
ചൊവ്വാഴ്ച സൈന്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആഭ്യന്തര യുദ്ധത്തിന് വിരാമമിട്ടതായി പറഞ്ഞു. വാഗ്നർ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പൈലറ്റുമാർക്കുവേണ്ടി ഒരു മിനിറ്റ് മൗനാചരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.
വാഗ്നർ കൂലിപ്പടക്ക് റഷ്യൻ സൈന്യത്തിന്റെയോ ജനങ്ങളുടെയോ പിന്തുണ ഉണ്ടായിരുന്നില്ലെന്ന് പുടിൻ പറഞ്ഞു. കലാപം അടിച്ചമർത്തുന്നതിനായി യുക്രെയ്നിൽനിന്ന് സൈന്യത്തെ പിൻവലിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.