ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ഐക്യനീക്കത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന എ.കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി. സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ ഇടത് മുന്നണിയും കോൺഗ്രസും കപട ഐക്യത്തിന് രൂപം നൽകി രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് അനിൽ ആന്‍റണി ആരോപിച്ചു. കേരളം അടക്കമുള്ളിടത്തെ പ്രതിപക്ഷ ഐക്യം കടലാസിൽ മാത്രം ഒതുങ്ങുന്നതാണെന്നും അനിൽ ആന്‍റണി ചൂണ്ടിക്കാട്ടി.
കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ അറസ്റ്റിന് പിന്നാലെ കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള ഏറ്റുമുട്ടൽ ഇതാണ് വ്യക്തമാക്കുന്നത്. ഒരിടത്ത് പ്രതിപക്ഷ ഐക്യത്തെ കുറിച്ച് പറയുമ്പോൾ മറ്റൊരിടത്ത് പരസ്യ ഏറ്റുമുട്ടലാണ് നടക്കുന്നത്. സി.പിഎമ്മിന്‍റെയും കോൺഗ്രസിന്‍റെയും കാര്യത്തിൽ കേരളത്തിൽ നമ്മൾ കാണുന്നതാണ് യഥാർഥ്യം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി.പി.എം സർക്കാർ ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണമാണെന്നാണ് കോൺഗ്രസ് പറയുന്നത്.
പ്രതിപക്ഷ ഐക്യമെന്നത് ലക്ഷ്യത്തിലോ പ്രത്യയശാസ്ത്രത്തിലോ ദിശയിലോ പൊതുവായി ഒന്നുമില്ലാത്ത ഏതാനും കക്ഷികളുടെ സ്വപ്നങ്ങൾ മാത്രമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള പൊതുവായ എതിർപ്പാണ് ഐക്യത്തിന്റെ പേരിൽ പ്രതിപക്ഷ പാർട്ടികൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ജനവിധിയോടുള്ള പ്രതിപക്ഷത്തിന്റെ അവജ്ഞയാണ് ഇത് കാണിക്കുന്നതെന്നും അനിൽ പറഞ്ഞു.
2014ലും 2019ലും ചരിത്രത്തിലെ വലിയ ജനവിധിയിലൂടെ രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുത്ത ഒരു കേന്ദ്ര സർക്കാരാണെന്ന് ഈ പാർട്ടികൾ തിരിച്ചറിയുന്നില്ല. ഇവർക്ക് പ്രധാനമന്ത്രിയോടുള്ള വിദ്വേഷം ഒഴികെ പൊതുവായി എന്തുണ്ടെന്ന് അനിൽ ചോദിച്ചു. മോദിക്കെതിരെ വ്യാജ ഐക്യത്തിന് ശ്രമിച്ച് ജനങ്ങളെ വിഡ്ഢികളാക്കാൻ അവർക്ക് കഴിയും. 2024ൽ ജനം മോദിക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുണ്ടെന്നും അനിൽ ആന്‍റണി എ.എൻ.ഐയോട് വ്യക്തമാക്കി.