മംഗളൂരു: യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാറു വധക്കേസ് ഏറ്റെടുത്ത കേന്ദ്ര അന്വേഷണ ഏജൻസി എൻ.ഐ.എക്ക് വർഷം ആകാറായിട്ടും മുഖ്യ പ്രതികളെ കണ്ടെത്താനായില്ല. കഴിഞ്ഞ വർഷം ജുലൈ 26ന് ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ താലൂക്കിൽ ബെല്ലാരെയിൽ നടന്ന വധക്കേസ് ആഗസ്റ്റ് 22നാണ് എൻ.ഐ.എ ഏറ്റെടുത്തത്.
ദക്ഷിണ കന്നട ജില്ലയിലെ നൗഷാദ്, കുടക് ജില്ലയിലെ അബ്ദുൽ നാസർ, അബ്ദുറഹ്മാൻ എന്നിവരെ കണ്ടെത്താനുള്ള അന്വേഷണ ഭാഗമായി ഏജൻസി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇവരുടെ താമസ സ്ഥലങ്ങളിൽ പരിശോധന നടത്തി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ളവരാണ് മൂന്ന് പ്രതികളും എന്നാണ് എൻ.ഐ.എ കണ്ടെത്തിയത്.
ഇവർ ഉൾപ്പെടെ 21 പേർ പ്രതികളായി കുറ്റപത്രം സമർപ്പിച്ചിരുന്നു. മൂന്ന് പേരെ കണ്ടെത്താൻ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസുകൾ പതിച്ച എൻ.ഐ.എ വിവരം നൽകുന്നവർക്ക് രണ്ട് മുതൽ അഞ്ചു വരെ ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
സുള്ള്യയിൽ മസൂദ് എന്ന മലയാളി യുവാവിനെ ഒരുസംഘം മർദിച്ച് കൊന്നതോടെയാണ് ദക്ഷിണ കന്നഡയിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്. ഇതിനുപിന്നാലെ ബെല്ലാരെയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെടുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം 30കാരനായ ഫാസിൽ എന്ന യുവാവിനെയും കൊലപ്പെടുത്തി.
–
ഹിന്ദുത്വയുടെ പേരിൽ ഇതിനെല്ലാം തുടക്കമിട്ടത് നമ്മളാണെന്ന് കൊല്ലപ്പെട്ട യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ കുടുംബത്തെ സന്ദർശിച്ച് മുൻ വിശ്വ ഹിന്ദു പരിഷത്ത് നേതാവ് മഹേഷ് ഷെട്ടി തിമരോദി പറഞ്ഞിരുന്നു. കൊല്ലപ്പെട്ട പ്രവീണിന്റെ കുടുംബത്തെ സാക്ഷിനിർത്തിയായിരുന്നു മഹേഷിന്റെ പ്രസ്താവന. ”നമ്മളിത് പലതവണ പറഞ്ഞിട്ടുണ്ട്.. രാഷ്ട്രീയത്തിന് പിറകെ പോകരുത്. പക്ഷെ യുവാക്കൾ അത് ചെവികൊള്ളില്ല. കാര്യങ്ങൾ ബോധ്യമായതോടെ, നമ്മൾ പണ്ടേ എല്ലാം ഉപേക്ഷിച്ചു. അല്ലെങ്കിൽ, ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. എനിക്ക് ഒന്നും പറയാനാകുന്നില്ല, എന്താണ് ഞാനീ സാഹചര്യത്തിൽ പറയേണ്ടത്. നമ്മളാണ് ഇപ്പോൾ തെറ്റിന്റെ ഭാഗത്തുള്ളത്. കാരണം, ഹിന്ദുത്വയുടെ പേരിൽ ഇതിനെല്ലാം തുടക്കം കുറിച്ചത് നമ്മളാണ്. ഒന്നും മിണ്ടാൻ സാധിക്കില്ല. എന്തെങ്കിലും പറഞ്ഞാൽ, ആക്രമിക്കപ്പെടും. മുസ്‍ലിംകളല്ല, ബി.ജെ.പിയുടെ ആളുകൾ വന്ന് ആക്രമിക്കും. ഈ നേതാക്കളും ആക്രമിക്കും. ഇവിടെ പൊതുജന മധ്യത്തിൽ ആരെയെങ്കിലും അടിക്കാനുണ്ടെങ്കിൽ, അത് ബി.ജെ.പി നേതാക്കളെയാണ്. അല്ലാതെ മറ്റുള്ളവരെയല്ല. വേറെ വഴിയില്ല, രാഷ്ട്രീയം എല്ലാ കാലത്തും ഇങ്ങനെ തന്നെയാണ്. അതിലുള്ള എല്ലാവരും ഒരുപോലെയാണ്, ഒരു വ്യത്യാസവുമില്ല. സമൂഹത്തിന്റെ നല്ലതിന് വേണ്ടിയല്ല അവരുടെ പ്രവർത്തനം. അവർ മതമൊക്കെ പണ്ടേ ഉപേക്ഷിച്ചതാണ്. സത്യവും’ -എന്നായിരുന്നു മഹേഷ് ഷെട്ടി പറഞ്ഞത്.