അരൂർ: അച്ഛന്റെ ലോട്ടറിക്കടയിൽനിന്നു സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന മകൾക്ക് കേരള സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം. അരൂർ ക്ഷേത്രം കവലയിൽ ലോട്ടറി വില്പന നടത്തുന്ന അരൂർ ഏഴാം വാർഡിൽ നെട്ടശേരിൽ അഗസ്റ്റിന്റെ പക്കൽ നിന്നെടുത്ത 12 ടിക്കറ്റുകളിൽ ഒരെണ്ണത്തിനാണു ഭാഗ്യം മകൾ ആഷ്‌ലിയെ കടാക്ഷിച്ചത്.
ഇന്നലെ നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ SG 883030 എന്ന ലോട്ടറി ടിക്കറ്റാണ് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനാർഹമായത്. അച്ഛന്റെ ഏജൻസിയിൽനിന്ന് ഒരു വർഷമായി സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ള ആഷ്‌ലിക്ക് ഇടയ്ക്കിടെ ചെറിയ സമ്മാനങ്ങൾ ലഭിക്കുമായിരുന്നു. ടിക്കറ്റ് എസ്ബിഐയുടെ അരൂർ ബൈപാസ് കവല ശാഖയിൽ ഏൽപ്പിച്ചു. അഗസ്റ്റിന് ആഷ്‌ലിയടക്കം മൂന്നു പെൺകുട്ടികളാണ്. ആഷ് ലി രണ്ടാമത്തെ മകളാണ്. എല്ലാവരും വിവാഹിതരാണ്.
മകള്‍ക്ക് സമ്മാന തുക ലഭിക്കുമ്പോള്‍ അച്ഛന് കമ്മീഷനും ലഭിക്കും. പത്ത് വര്‍ഷമായി അഗസ്റ്റിന്‍ അരൂര്‍ ക്ഷേത്രം കവലയ്ക്ക് സമീപം ലോട്ടറി കച്ചവടം നടത്തുകയാണ്. ഇതിനോട് ചേര്‍ന്ന് പലവ്യഞ്ജന വ്യാപാരവും ഉണ്ട്. ആഷ്ലി അരൂര്‍ വ്യാപാര ഭവനിലെ അക്കൗണ്ടന്റാണ്. ജോലിയ്ക്ക് പോകും വഴിയാണ് ആഷ്ലി ടിക്കറ്റ് അച്ഛനില്‍ നിന്ന് വാങ്ങിയത്. സമ്മാനമായി കിട്ടുന്ന തുകയ്ക്ക് പഴക്കം ചെന്ന വീട് പുതുക്കിപ്പണിയണമെന്നാണ് ആഗ്രഹമെന്ന് അച്ഛനും മകളും പറയുന്നു.