ദില്ലി: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി. ഭരണഘടന ഏക സിവില്‍ കോഡിനെ വിഭാവനം ചെയ്യുന്നുവെന്നാണ് പാര്‍ട്ടി നേതാക്കളുടെ പ്രതികരണം. ആര്‍ട്ടിക്കിള്‍ 44 ഉം ഏകീകൃത സിവില്‍ കോഡ് വേണമെന്ന് പറയുന്നുണ്ടെന്നും ഈ വിഷയം എല്ലാ മതങ്ങളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്യണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. എല്ലാവരുടെയും സമ്മതത്തിനു ശേഷമേ അത് നടപ്പാക്കാവൂയെന്നും എഎപി സംഘടനാ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് വ്യക്തമാക്കി.
അതേ സമയം ഏകസവില്‍ കോഡില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇനിയും ഏകാഭിപ്രായത്തിലെത്തിയിട്ടില്ല. സിപിഎം, ഡിഎംകെ, സമാജ് വാദി പാര്‍ട്ടി, എഐഎംഐഎം തുടങ്ങിയ കക്ഷികള്‍ സിവില്‍ കോഡ് നടപ്പാക്കരുതെന്ന് ശക്തമായി വാദിക്കുന്നുണ്ട്. കോണ്‍ഗ്രസ് അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല. രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുമ്പോള്‍ സിവില്‍ കോഡില്‍ അന്തിമ നിലപാട് പ്രഖ്യാപിക്കുന്നത് തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. എതിര്‍ത്താല്‍ മുസ്ലീം പ്രീണനമെന്ന ആക്ഷേപം ബിജെപി ശക്തമാക്കും. അതുകൊണ്ട് കരുതലോടെയാണ് നീക്കം.