കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞു. ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് വിവരം.
ബസിലെ യാത്രക്കാരും ജീവനക്കാരുമടക്കം പത്ത് പേര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടം നടന്ന ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആംബുലന്‍സുകളിലും മറ്റ് വാഹനങ്ങളിലുമായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് കുറച്ച് നേരം റോഡില്‍ ഗതാഗതം തടസമുണ്ടായി. ബസ് പാതിയോളം റോഡിലും ബാക്കി ഭാഗം പുറത്തുമായാണ് കിടക്കുന്നത്.
 
			

















 
                

