ഇടുക്കി: ഇടുക്കി ശാന്തന്‍പാറ പേതൊട്ടിയില്‍ മരം വീണ് വീട് തകര്‍ന്നു. മൂന്ന് കുടുംബങ്ങള്‍ താമസിക്കുന്ന വീടാണ് തകര്‍ന്നത്. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു. തോട്ടം തൊഴിലാളി സുന്ദരി ചാമകാളയുടെ വീടാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്. വീടിന് സമീപത്തെ ഏല തോട്ടത്തില്‍ നിന്ന വന്‍ ചീമമുരിക്ക് കട പുഴകി വീഴുകയായിരുന്നു. പേതൊട്ടി സ്വദേശി സുന്ദരി ചാമകാളയുടെ വീടിന് മുകളിലേക്കാണ് മരം പതിച്ചത്.
സുന്ദരിയെ കൂടാതെ രണ്ട് കുടുംബങ്ങള്‍ കൂടി വീട്ടില്‍ താമസിക്കുന്നുണ്ട്. വാടകക്ക് താമസിച്ചു വന്നിരുന്ന തോട്ടം തൊഴിലാളിയായ ചന്ദ്രലേഖ ഭക്ഷണം കഴിച്ച ശേഷം കൈ കഴുകുന്നതിനായി പുറത്തേക്ക് ഇറങ്ങിയ സമയത്താണ് അപകടം നടന്നത്. തലനാരിഴയ്ക്കാണ് ചന്ദ്രലേഖ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ചന്ദ്രലേഖയുടെ കുട്ടികള്‍ സമീപത്തെ ബന്ധു വീട്ടില്‍ പോയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ആസ്പറ്റേസ് ഷീറ്റ് ഉപയോഗിച്ച് നിര്‍മിച്ച മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് മുറികളും ശുചിമുറിയും തകരുകയും ഭിത്തിക്ക് ബലക്ഷയം സംഭവിക്കുകയും വിള്ളല്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.